അഷ്‌റഫ് തൈവളപ്പ്
ആക്രമിച്ചു കളിച്ച കരുത്തരായ പൂനെ സിറ്റി എഫ്.സിയോട് പൊരുതികളിച്ച ബ്ലാസ്റ്റേഴ്‌സിന് വിജയതുല്യമായ സമനില.33ാം മിനുറ്റില്‍ മലയാളി താരം ആശിഖ് കരുണിയന്റെ അസിസ്റ്റില്‍ പൂനെയെ മാഴ്‌സലീഞ്ഞോ മുന്നിലെത്തിച്ചു. 77ാം മിനുറ്റില്‍ മാര്‍ക്ക് സിഫ്‌നോസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടില്‍ ഇതോടെ അഞ്ചു സമനിലകളായി. ഒരു ജയമടക്കം എട്ടു പോയിന്റുമായി എട്ടാം സ്ഥാനം നിലനിര്‍ത്തി. ഒമ്പത് കളിയില്‍ നിന്ന് 16 പോയിന്റുമായി ചെന്നൈയിനെ പിന്തള്ളി പൂനെ സിറ്റി ആദ്യ പടിയിലെത്തി. 10ന് എവേ ഗ്രൗണ്ടില്‍ ഡല്‍ഹി ഡൈനാമോസിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
പുതിയ കോച്ചിന്റെ കീഴില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിയില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം പകുതിയില്‍ കാണികള്‍ക്ക് കളി വിരുന്നൊരുക്കി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു സന്ദര്‍ശകര്‍. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍മുഖത്തേക്ക് പലവട്ടം പന്തെത്തി. പൂനെയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ ബ്ലാസ്റ്റേഴ്‌സ് മധ്യനിരക്കായില്ല. ഇടതുവിങില്‍ ജൊനാഥന്‍ ലൂക്കയും വലതു വിങില്‍ ആശിഖ് കരുണിയനും സുന്ദരമായി കളി മെനഞ്ഞു. അല്‍ഫാരോ-മാഴ്‌സലീഞ്ഞോ സഖ്യം ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് ഇരച്ചു കയറി. തുടര്‍ച്ചയായ മൂന്ന് കോര്‍ണറുകള്‍ പൂനെക്ക് ഉപയോഗപ്പെടുത്താനായില്ല. ബ്ലാസ്റ്റേഴ്‌സ് ഗോളി സുഭാശിഷ് റോയിക്ക് ഒരു അബദ്ധം പിണഞ്ഞു, ജൊനാഥന്‍ ലൂക്കയുടെ ലോങ്‌റേഞ്ചര്‍ കയ്യിലൊതുക്കുന്നതിനിടെ പന്ത് പുറത്തായി. മാഴ്‌സലീഞ്ഞോ ഷോട്ടിനായി അടുത്തെങ്കിലും ഒരു നിമിഷം പാഴാക്കെ സുഭാശിഷ് പന്ത് വലതുഭാഗത്തേക്ക് തട്ടിയിട്ടു, ലാല്‍റുവത്താര പന്ത് പുറത്തേക്കടിച്ച് അപകടം ഒഴിവാക്കി. തൊട്ടുപിന്നാലെ ആദില്‍ഖാന്റെ ഗോള്‍ശ്രമം വെസ് ബ്രൗണും വിഫലമാക്കി.
സുന്ദരമായി കളിച്ച പൂനെ 33ാം മിനുറ്റില്‍ അര്‍ഹിച്ച ഗോള്‍ നേടി. ബോക്‌സിന് പുറത്ത് നിന്ന് ലൂക്കയുടെ പാസ് ബോക്‌സിനകത്ത് വലതു ഭാഗത്ത് നില്‍ക്കുകയായിരുന്ന മാഴ്‌സലീഞ്ഞോയിലേക്ക്. ആശിഖിന് ബാക്ക് പാസ് നല്‍കി മാഴ്‌സലീഞ്ഞോ മുന്നില്‍ കയറി, ആശിഖ് പന്ത് മറിച്ചു നല്‍കി, ഒരടി മുന്നില്‍ കയറിയ മാഴ്‌സലീഞ്ഞോ പന്ത് വലയുടെ ഇടതുകോര്‍ണറിലെത്തിച്ചു, മാഴ്‌സലീഞ്ഞോക്ക് ടൂര്‍ണമെന്റിലെ ആറാം ഗോള്‍. ആദ്യ പകുതിക്ക് മുമ്പ് ഫ്രീകിക്കും കോര്‍ണറുമടക്കം മൂന്ന് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു.
രണ്ടാം പകുതിയില്‍ ഡേവിഡ് ജെയിംസ് ബെര്‍ബയെ പിന്‍വലിച്ചു, ഉഗാണ്ടയുടെ 20കാരന്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസിറ്റോ ബ്ലാസ്‌റ്റേഴ്‌സിനായി ഐ.എസ്.എല്‍ അരങ്ങേറ്റത്തിനിറങ്ങി. മൈതാനം നിറഞ്ഞു കളിച്ച താരം തുടക്കത്തിലേ ഗാലറിയുടെ കയ്യടി നേടി. പൂനെ ആക്രമണം തുടര്‍ന്നു, ആദ്യ പകുതിയില്‍ നിന്ന് വ്യത്യസ്തമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കളി. ആശാവഹമായ മുന്നേറ്റം കണ്ടു. കിസിറ്റോയുടെയും ജാക്കിചന്ദിന്റെയും നീക്കങ്ങള്‍ പൂനെയുടെ ഗോള്‍മുഖം കടന്നു. ആക്രണവും പ്രത്യാക്രമണവും നിറഞ്ഞ കളിക്കൊടുവില്‍ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. 73ാം മിനുറ്റില്‍ കിസിറ്റോയുടെ നീക്കമായിരുന്നു ഗോളില്‍ കലാശിച്ചത്.