കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം റെഡി. കേരളത്തിന്റെ സ്വന്തം കൊമ്പന്മാരുടെ വിദേശ സൈനിങുകള്‍ ഏകദേശം പൂര്‍ത്തിയായി. ഇന്ന് ബുര്‍കിനാ ഫാസോ ഡിഫന്‍ഡര്‍ ബകാറി കോനെയെ കൂടി ക്ലബ് ടീമിലെത്തിച്ചു. വൈകാതെ ഓസീസ് ഫോര്‍വേഡ് ജോര്‍ദാന്‍ മുറെ കൂടി ടീമിലെത്തിയേക്കും. ഇതോടെ ഏഴു വിദേശ സൈനിങുകളും പൂര്‍ത്തിയാകും. പതിവില്‍ നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്‍. സ്‌പോട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്‍നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്. ഐസ്എഎല്ലിലെ തന്നെ ഏറ്റവും മൂല്യമുള്ള കളിക്കാരില്‍ ഒരാളായ ഗാരി ഹൂപ്പര്‍ മുതല്‍ തുടങ്ങുന്നു കേരളത്തിന്റെ വിദേശി പെരുമ.
വിദേശ കളിക്കാരും അവരുടെ വിവരങ്ങളും ഇങ്ങനെ;
1- ഗാരി ഹൂപ്പര്‍
ഐഎസ്എല്‍ സീസണ്‍ ഏഴിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനാണ് ഗാരി ഗൂപ്പര്‍. ഇംഗ്ലീഷില്‍ പ്രീമിയര്‍ ലീഗിന്റെ അനുഭവ സമ്പത്തുമായാണ് 32കാരന്റെ വരവ്. വിവിധ ക്ലബുകള്‍ക്കായി 476 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 207 ഗോളുകളും 65 അസിസ്റ്റുകളും. 9.9 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. ഓസീസ് എ ലീഗിലെ വെല്ലിങ്ടണ്‍ ഫീനിക്‌സില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്.
ബാര്‍ത്തലോമിയോ ഒഗ്ബച്ചെ പോയതോടെ ആശങ്കയിലായ ബ്ലാസ്‌റ്റേഴ്‌സ് ആരാധരെ ഞെട്ടിച്ചാണ് അതിലും മികച്ച താരത്തെ ക്ലബ് കൊണ്ടുവരുന്നത്. ഫീനിക്‌സിന് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷം 21 മത്സരങ്ങള്‍ കളിച്ച ഹൂപ്പര്‍ എട്ടു ഗോളാണ് നേടിയത്. ലീഗില്‍ ക്ലബ് മൂന്നാമതെത്തുകയും ചെയ്തു.
ഹൂപ്പറില്‍ ബംഗളൂരുവിനും ചെന്നൈയ്ക്കും കണ്ണുണ്ടായിരുന്നെങ്കിലും അദ്ദേഹം കേരളം തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്കാണ് ഹൂപ്പറുമായുള്ള കരാര്‍. എട്ടു മാസത്തെ കോണ്‍ട്രാക്ടില്‍ ഏകദേശം ഒന്നരക്കോടി രൂപ താരത്തിന് ലഭിക്കും. 2012-13 സീസണില്‍ സെല്‍റ്റികിന് വേണ്ടി കളിച്ച താരം 31 ഗോളുകള്‍ നേടിയിട്ടുണ്ട്. അടുത്ത ആറു സീസണുകള്‍ നോര്‍വിച്ച് സിറ്റി എഫ്‌സിക്കു വേണ്ടിയും ഷെഫീല്‍ഡിനും വേണ്ടിയായിരുന്നു. അവിടെ നിന്നാണ് എ ലീഗിലെത്തിയത്.
2- ഫക്കുണ്ടോ പെരേര
ബ്ലാസ്റ്റേഴ്‌സിന്റെ ഈ വര്‍ഷത്തെ ആദ്യ വിദേശ സൈനിങായിരുന്നു ഈ അര്‍ജന്റീനന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍. 2009-2009 കാലയളവില്‍ നാട്ടില്‍ പന്തു തട്ടിയ ശേഷം താരം പാലസ്റ്റിനോ എന്ന ചിലി ക്ലബിലെത്തി. പിന്നീട് ഗ്രീക്ക് ക്ലബായ പിഎഒകെയിലും. മൂന്നു വര്‍ഷമാണ് ഗ്രീക്ക് ക്ലബിനു വേണ്ടി ബൂട്ടു കെട്ടിയത്. 14 ഗോളുകള്‍ നേടുകയും ചെയ്തു.
പൊസിഷന്‍ ഫുട്‌ബോളിന്റെ വക്താവായ കിബു വിക്കുനയുടെ തന്ത്രങ്ങളിലെ പ്രധാനിയായിരിക്കും ഫക്കുണ്ടോ. കഴിഞ്ഞ സീസണില്‍ മികവിനൊത്തുയരാത്ത മധ്യനിരയില്‍ പന്തു കാലില്‍ വച്ചു കളിക്കുന്ന അര്‍ജന്റൈന്‍ ശൈലി വന്നാല്‍ അത് ക്ലബിനെ മാറ്റിമറിക്കുമെന്ന് തീര്‍ച്ച.
3- വിന്‍സന്റ് ഗോമസ്
രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പേരാണ് വിന്‍സെന്റ് ഗോമസ്. ആ പേരുള്ള ഒരാളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഉണ്ടാകുക. ആറരക്കോടിയിലേറെ വിപണി മൂല്യമുള്ള ഗോമസിന് മൂന്നു വര്‍ഷത്തെ കരാറാണ് ബ്ലാസ്‌റ്റേഴ്‌സ് നല്‍കിയിട്ടുള്ളത്.
സ്പാനിഷ് ക്ലബ്ബായ് ഡിപ്പാര്‍ട്ടീവ ലാ കൊരുണിയില്‍ നിന്നാണ് ഗോമസിന്റെ വരവ്. കോപ്പ ഡെല്‍ റേ അടക്കം 60 മത്സരങ്ങളില്‍ കഴിഞ്ഞ രണ്ടു സീസണില്‍ താരം ബൂട്ടുകെട്ടിയിട്ടുണ്ട്.
4- കോസ്റ്റ നമോയിനെസു
ജിങ്കന്‍ പോയതിന്റെ ഞെട്ടല്‍ ആരാധകരില്‍ നിന്ന് വിട്ടു പോയിട്ടില്ല. എന്നാല്‍ ആ ഒഴിവിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് എത്തിക്കുന്നത് ഒരു അനുഭവ സമ്പന്നനെയാണ്. ചെക്ക് സൂപ്പര്‍ ക്ലബായ സ്പാര്‍ട്ട പ്രാഗ് താരം കോസ്റ്റ നമോയിനെസു. ഏഴു സീസണിലായി സ്പാര്‍ട്ടയ്ക്കായി 203 മത്സരങ്ങളുടെ അനുഭവ സമ്പത്തുണ്ട് കോസ്റ്റയ്ക്ക്. ഒമ്പതു ഗോളും നേടി. ചെക്ക് റിപ്പബ്ലികില്‍ എത്തും മുമ്പ് പോളണ്ടിലെ സസാഗ്ലൈബ് ലുബിന്‍ ക്ലബിലായിരുന്നു. ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് കിബു വിക്കുന ആയിരുന്നു അന്ന് ലുബിന്‍ സഹ പരിശീലകന്‍.
11 തവണ ദേശീയ കുപ്പായത്തില്‍ കളിച്ചിട്ടുണ്ട് ഈ സിംബാബ്‌വെന്‍ താരം.
5- ബകാരി കോനെ
സെന്റര്‍ബാക്ക് സ്ഥാനത്തേക്ക് എത്തുന്ന ബുര്‍കിനോ ഫാസോ ദേശീയ താരമാണ് ബകാരി കോനെ. ഫ്രഞ്ച് ഫുട്‌ബോളിലെ അതികായരായ ഒളിംപിക് ലിയോണിനു വേണ്ടി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അടക്കം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് കോനെ. അഞ്ചു വര്‍ഷം ലിയോണിനായി കളിച്ച താരം 89 കളികളില്‍ ബൂട്ടുകെട്ടി. ഒമ്പതു ഗോളുകളും സ്വന്തമാക്കി.
പിന്നീട് ലാലീഗയില്‍ മലാഗ എഫ്‌സിയിലെത്തി. പിന്നീട് വായ്പാ അടിസ്ഥാനത്തില്‍ ലീഗ് വണ്ണിലെ ആര്‍സി സ്ട്രാസ്ബര്‍ഗില്‍. പിന്നീട് തുര്‍ക്കിയിലും റഷ്യന്‍ പ്രീമിയര്‍ ലീഗ് ക്ലബായ ആഴ്‌സണല്‍ ടുലയിലും. അവിടെ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
6- ജോര്‍ദാന്‍ മുറേ (ഇതുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല)
ആറാമത്തെ വിദേശ താരമായി ഓസീസ് എ ലീഗില്‍ നിന്ന് 25കാരന്‍ ഫോര്‍വേഡ് ജോര്‍ദാന്‍ മുറെ എത്തും എന്നാണ് റിപ്പോര്‍ട്ട്. 3.3 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. നിലവില്‍ കളിച്ചു കൊണ്ടിരിക്കുന്ന സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സ് താരത്തിന് റിലീസിങ് ക്ലോസ് നല്‍കിയിട്ടുണ്ട്. മുറേയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ഓസീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2018ലാണ് മുറേ മറൈനേഴ്‌സിലെത്തിയത്. 41 കളികളില്‍ നിന്ന് ഏഴു ഗോളുകള്‍ നേടിയിട്ടുണ്ട്. ജോര്‍ദാന് എല്ലാ ഭാവുകങ്ങളും നേരുന്നതായി മറൈനേഴ്‌സ് ഹെഡ് കോച്ച് അലന്‍ സ്റ്റാജിക് പറഞ്ഞു.
7- സര്‍ജിയോ സിഡോഞ്ച
സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിലെ ഏഴാമത്തെ വിദേശ താരം. കഴിഞ്ഞ സീസണില്‍ പരിക്കു മൂലം ഒരുപാട് കളികളില്‍ പുറത്തിരിക്കേണ്ടി വന്ന സിഡോഞ്ചയുടെ കരാര്‍ ക്ലബ് നീട്ടി നല്‍കുകയായിരുന്നു.