X
    Categories: Views

ബ്ലാസ്‌റ്റേര്‍സില്‍ പൊട്ടിത്തെറി; കോച്ച് റെനി മ്യൂലെന്‍സ്റ്റീന്‍ ടീം വിട്ടു

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനി മ്യൂലെന്‍സ്റ്റീന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു. ലീഗില്‍ എക്കാലത്തെയും മോശം സീസണിലൂടെ ടീം കടന്നു പോവുമ്പോഴാണ് പരിശീലകന്റെ അപ്രതീക്ഷിത രാജി. നാളെ കൊച്ചിയില്‍ പൂനെ സിറ്റി എഫ്.സിക്കെതിരായ മത്സരത്തില്‍ അസി.കോച്ച് താങ്‌ബോയ് സിങ്‌തോ ആയിരിക്കും ടീമിനെ ഒരുക്കുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടീം ക്യാമ്പില്‍ അസ്വാരസ്യങ്ങളുള്ളതായി സൂചനകളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് റെനിയുടെ രാജിയെന്നാണ് കരുതുന്നത്. അതേസമയം പരസ്പര ധാരണയിലാണ് റെനി പരിശീലക സ്ഥാനം ഒഴിഞ്ഞതെന്ന് ടീം മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ടീം വിടുന്നതെന്നും മികച്ച അനുഭവത്തിന് ടീം മാനേജ്‌മെന്റിനും താരങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി പറയുന്നതായി മ്യൂലെന്‍സ്റ്റീനും പ്രതികരിച്ചു. പുതിയ കോച്ചിന്റെ ഉടന്‍ നിയമിക്കുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് സി.ഇ.ഒ വരുണ്‍ ത്രിപുരാനേനി പറഞ്ഞു. 2015ല്‍ രണ്ടാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പീറ്റര്‍ ടെയ്‌ലറും ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. അന്ന് അവസാനക്കാരായാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണ്‍ പൂര്‍ത്തിയാക്കിയത്. നിലവില്‍ കളിച്ച ഏഴു മത്സരങ്ങളില്‍ ടീമിന് ജയിക്കാനായത് ഒരെണ്ണത്തില്‍ മാത്രം. രണ്ടെണ്ണത്തില്‍ തോറ്റു. നാലെണ്ണം സമനിലയിലും കലാശിച്ചു. ഏഴു പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സിപ്പോള്‍.
2016ല്‍ ടീമിനെ ഫൈനലിലെത്തിച്ച സ്റ്റീവ് കൊപ്പലിന്റെ പകരക്കാരാനായാണ് പുതിയ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒരുക്കാന്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റും യൂത്ത് ടീം പരിശീലകനുമായിരുന്ന മ്യൂലെന്‍സ്റ്റീന്‍ എത്തിയത്. നാലു സീസണിനിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാമത്തെ പരിശീലകനായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഏറെ പ്രതീക്ഷളോടെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഈ ഡച്ചുകാരന്‍ മുന്‍ പ്രീമിയര്‍ ലീഗ് താരങ്ങളെ ടീമിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്‌പെയിനില്‍ ടീമിന്റെ പ്രീസീസണ്‍ ക്യാമ്പൊരുക്കിയതും റെനിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. പക്ഷേ സീസണ്‍ പകുതിയോടടുത്തിട്ടും മികച്ച ടീമിനെ വാര്‍ത്തെടുക്കാനോ കൃത്യമായൊരു കളിശൈലി രൂപപ്പെടുത്താനോ റെനിക്കായില്ല.
ഓരോ മത്സരത്തിലും ടീമിന്റെ ഒത്തിണക്കമില്ലായ്മ വ്യക്തമായി പ്രതിഫലിച്ചു. കൃത്യമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗോളടിക്കുന്നതിലും ടീം സമ്പൂര്‍ണ പരാജയമായി. ടീം ലൈനപ്പിലെ അശാസ്ത്രീയ മാറ്റങ്ങളാണ് മോശം പ്രകടനത്തിന് കാരണമാവുന്നതെന്ന് കോച്ചിനെതിരെ നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബെംഗളൂരിനെതിരെ മലയാളി താരം സി.കെ വിനീതിനെ കളിപ്പിക്കാത്തതും ചോദ്യം ചെയ്യപ്പെട്ടു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ അരാത്ത ഇസുമിയെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ഇറക്കിയത് വലിയ അബദ്ധമായെന്ന് പല മത്സരങ്ങളും തെളിയിച്ചു. സ്‌െ്രെടക്കറായ ദിമിതര്‍ ബെര്‍ബതോവിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതും ടീമിന് ഗുണം ചെയ്തില്ല. ബെര്‍ബയുടെ അസാനിധ്യത്തില്‍ പ്രതിരോധ താരം വെസ് ബ്രൗണിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതും ടീമിന്റെ പ്രകടനത്തില്‍ മാറ്റമുണ്ടാക്കിയില്ല. ഭാവനാശൂന്യമായ മധ്യനിരയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങളെ മരവിപ്പിക്കുന്നതെന്ന് ബെംഗളൂരിനെതിരായ മത്സരത്തിന് മുമ്പ് മ്യൂലെന്‍സ്റ്റീന്‍ തുറന്നു പറഞ്ഞിരുന്നു. ഈയിടെ കരാര്‍ ഒപ്പിട്ട ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസിറ്റോയിലാണ് ടീമിന്റെ ഇനിയുള്ള പ്രതീക്ഷയെന്നും റെനി അഭിപ്രായപ്പെട്ടിരുന്നു.

chandrika: