മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. 2026 മെയ് വരെയുള്ള കരാറാണ് ക്ലബുമായി താരം ഒപ്പുവച്ചത്. ബ്ലാസ്റ്റേഴ്സിലേക്ക് എത്തുമ്പോള്‍ യൂറോപ്പിലെ വിവിധ ക്ലബുകളിലായി മുന്നോറോളം മത്സരങ്ങള്‍ കളിച്ച പരിചയസമ്പത്ത് മുപ്പതുകാരനായ ഈ താരത്തിനുണ്ട്.
മോണ്ടെനെഗ്രന്‍ ക്ലബായ എഫ്.കെ മോഗ്രനിലൂടെ 2011ലാണ്് താരം തന്റെ വരവ് അറിയിക്കുന്നത്. ഇതുവരെ താരം തന്റെ കരിയറില്‍ 10 ഗോളുകളും നേടിയിട്ടുണ്ട്. അണ്ടര്‍ 19, അണ്ടര്‍ 21, സീനിയര്‍ ടീമുകളിലായി മോണ്ടിനെഗ്രോ ദേശീയ ടീമിന് വേണ്ടി താരം കളിച്ചിട്ടുണ്ട്.
പ്രതിരോധ നിരയിലെ മികച്ച പ്രകടനം, ടാക്ടിക്കല്‍ അവയര്‍നെസ്സ്, ഏരിയല്‍ എബിലിറ്റി എന്നിവയെല്ലാം വിശകലനം ചെയ്താണ് കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ടീമിലേക്ക് എടുത്തിരിക്കുന്നത്.
മധ്യനിര നിയന്ത്രിക്കുന്നതിലെ മികവ് ടീമിന് ഏറെ പ്രയോജനപ്പെടുമെന്ന്് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. താരത്തിന്റെ മികച്ച പ്രകടനം കാണാന്‍ ആകാംഷയിലാണെന്നും എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിനെ പോലെ മികച്ചൊരു ക്ലബ്ബില്‍ ചേരാനായതില്‍ വളരെ സന്തോഷമുള്ളതായി ദൂസാന്‍ ലഗാറ്റോര്‍ വ്യക്തമാക്കി.