X

അവസാനക്കാര്‍ മുഖാമുഖം

മൂന്നാഴ്ച്ച നീണ്ട ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് സ്വന്തം ഗ്രൗണ്ടില്‍ വീണ്ടും പന്തു തട്ടുന്നു. സീസണിലെ ഒമ്പതാം മത്സരത്തില്‍ ഗോവ എഫ്.സിയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വൈകിട്ട് ഏഴിന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് അവസാന സ്ഥാനക്കാരുടെ അങ്കം. അവസാന മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റെങ്കിലും ആദ്യ പാദത്തില്‍ ഗോവക്കെതിരെ അവരുടെ തട്ടകത്തില്‍ നേടിയ വിജയമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഊര്‍ജ്ജം. അവസാന മത്സരത്തില്‍ പൂനെയോട് ജയിച്ചു കയറിയ ഗോവക്ക് ഇനി തോല്‍ക്കാനാവില്ല, നിലവില്‍ ഏറ്റവും ഒടുവിലാണ് ഗോവയുടെ സ്ഥാനം.

ഏഴാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്‌സ്. അതിനാല്‍ ജയം ഇരുടീമിനും അനിവാര്യം. അല്ലെങ്കില്‍ മുന്നോട്ടുള്ള വഴി കൂടുതല്‍ ദുര്‍ഘടമാകും. ഇന്ന് ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് കൊല്‍ക്കത്തയോടൊപ്പം മൂന്നാം സ്ഥാനം പങ്കിടാം. ഗോവ, അഞ്ചാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനൊപ്പവും എത്തും. മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസില്ലാതെയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ഹെയ്തി താരം നാസോണും കളിക്കില്ല. പരിക്കേറ്റതിനാല്‍ ജൂലിയോ സീസര്‍, ലൂസിയാനോ, റെയ്‌നാള്‍ഡോ, ജോഫ്രെ തുടങ്ങിയ നാല് പ്രമുഖ താരങ്ങള്‍ ഗോവന്‍ നിരയില്‍ ഉണ്ടാവില്ലെന്നാണ് ടീം ക്യാമ്പില്‍ നിന്നുള്ള സൂചന.

ഹ്യൂസില്ല; കോപ്പല്‍ നിരാശന്‍
പ്രധാന താരത്തിന്റെ അഭാവത്തില്‍ നിരാശനാണ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍, മത്സരത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിനിടെ അദ്ദേഹം അത് പ്രകടിപ്പിക്കുകയും ചെയ്തു. 11ന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ വടക്കന്‍ അയര്‍ലാന്റിനായി കളിക്കുന്നതിനാണ് മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസ് നാട്ടിലേക്ക് തിരിച്ചത്.ഇത് കാരണത്താല്‍ ഹെയ്തി താരം ഡക്കന്‍സ് നാസോണും നാട്ടിലേക്ക് മടങ്ങി. ഹ്യൂസിന്റെ അഭാവം ടീമിനു കനത്ത തിരിച്ചടിയാണെന്ന് കോപ്പല്‍ സൂചിപ്പിച്ചു. എ.എഫ്.സി ഫൈനലിന് ശേഷം ഇന്ന് കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും ഇതുവരെ ടീമിനൊപ്പം ചേരാത്തതിലും കോപ്പലിന് അനിഷ്ടമുണ്ട്. ദോഹയില്‍ നിന്ന് തിരിച്ചെത്തിയ ഇരുവരും ഇന്ന് ടീമിനൊപ്പം ചേരുമെന്നാണ് ഇന്നലെ രാത്രി മാനേജ്‌മെന്റ് അറിയിച്ചത്.

19ന് മുംബൈയില്‍ നടക്കുന്ന മത്സരത്തിനേ ഇരുവരുടെയും സേവനം ലഭിക്കുകയുള്ളുവെന്നാണ് സൂചന. ഹ്യൂസും നാസോണും ഡല്‍ഹിക്കെതിരായ മത്സരത്തിലും കളിച്ചിരുന്നില്ല. അതിനാല്‍ ഗോവക്കെതിരെ കഴിഞ്ഞ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ല. 21 ദിവസം നീണ്ട എവേ പര്യടനത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹോം മത്സരത്തിനിറങ്ങുന്നത്. നീണ്ട യാത്രകള്‍ക്ക് പുറമെ മറ്റു വേദികളില്‍ പരിശീലന സൗകര്യം വേണ്ട വിധം ലഭിച്ചില്ലെന്ന് കോപ്പല്‍ പരാതിപ്പെട്ടു. നാലു എവേ മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായിരുന്നത്. ഒരെണ്ണം തോറ്റു, രണ്ടെണ്ണം സമനിലയില്‍ കലാശിച്ചു.

ഗ്രൗണ്ട് നല്‍കിയില്ല; സീക്കോയ്ക്ക് പരാതി
പരിശീലനത്തിനായി കലൂരിലെ പ്രധാന സ്റ്റേഡിയം വിട്ടുനല്‍കാത്തത് ശരിയായില്ലെന്ന നിലപാടിലാണ് ഗോവ എഫ്.സി കോച്ച് സീക്കോ. കൊച്ചിയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ക്കും ഒരു ടീമിനും സ്റ്റേഡിയത്തില്‍ പരിശീലിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ മറ്റു ടീമുകളുടെ സ്റ്റേഡിയങ്ങളില്‍ അതാത് ഗ്രൗണ്ടുകളിലാണ് പരിശീലനം നടത്താറ്. ഇതാണ് സീക്കോയെ ചൊടിപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സ് തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഇന്നലെയും പരിശീലിച്ചത്. ആദ്യപാദത്തില്‍ ഗോവക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കേരളത്തിന്റെ വിജയം.

പക്ഷേ ഗോവക്ക് അതിനേക്കാള്‍ ആത്മവിശ്വാസം നല്‍കുന്ന ഒരു റെക്കോഡ് കൊച്ചിയിലുണ്ട്. കഴിഞ്ഞ സീസണില്‍ ഇരുടീമുകളും കണ്ടുമുട്ടിയപ്പോള്‍ ഗോവ ആതിഥേയരെ തകര്‍ത്തത് ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക്. ലീഡെടുത്ത ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ അതിദയനീയ തോല്‍വി. അന്ന് ഹാട്രിക് നേടിയ റെയ്‌നാള്‍ഡോയും ആദ്യ ഗോള്‍ നേടിയ ജോഫ്രെയും പരിക്കിന്റെ പിടിയിലാണെന്നത് കേരളത്തിന് ആശ്വാസമാണ്. മുമ്പ് അഞ്ചു തവണ മത്സരിച്ചപ്പോള്‍ മൂന്നിലും ഗോവക്കായിരുന്നു ജയം. രണ്ടെണ്ണത്തില്‍ ബ്ലാസ്റ്റേഴ്‌സ് വിജയം കണ്ടു.

chandrika: