X

വിന്‍/ഡ്രോ: ബ്ലാസ്‌റ്റേര്‍സ്- ഡല്‍ഹി രണ്ടാമങ്കമിന്ന്

ഡല്‍ഹി: ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ സമനില, 18ന് സ്വന്തം സ്റ്റേഡിയത്തില്‍ ആദ്യമായി അരങ്ങേറുന്ന ഐ.എസ്.എല്‍ കലാശകളിക്ക് യോഗ്യത നേടാന്‍ രണ്ടിലൊന്ന് വേണം ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്. ഡല്‍ഹി ഡൈനാമോസിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ രണ്ടാം പാദ സെമി മത്സരത്തിനിറങ്ങുമ്പോള്‍ ഒരു ഗോളിന്റെ ലീഡുണ്ട് കേരളത്തിന്. പക്ഷേ, ഡല്‍ഹി നെഹ്‌റു സ്റ്റേഡിയത്തില്‍ സീസണില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത ഡൈനാമോസിനെ ഗോളടിപ്പിക്കാതിരിക്കാന്‍ സകല അടവുകളും പയറ്റേണ്ടി വരും ഇന്ന്. രണ്ടു ഗോളിനെങ്കിലും ജയിച്ചാലേ ഡല്‍ഹിക്ക് ഫൈനല്‍ പ്രവേശനം സാധ്യമാവൂ. അതിനാല്‍ മരണകളി ഡല്‍ഹി നിരയില്‍ നിന്ന് പ്രതീക്ഷിക്കാം. എവേ ഗോളിന്റെ മുന്‍ഗണന ലഭിക്കാത്തതിനാല്‍ ഇരു മത്സരങ്ങിലുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്നവരായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഗോള്‍ എണ്ണം സമമായാല്‍ അധിക സമയത്തും പിന്നീട് പെനാല്‍റ്റി കിക്കിലൂടെയും ഫൈനലിസ്റ്റുകളെ തീരുമാനിക്കും.

ഉയിര്‍ത്തെഴുന്നേറ്റ ടീം
തോറ്റു തുടങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. തുടക്കത്തിലേറ്റ തുടര്‍ച്ചയായ രണ്ടു തോല്‍വികളിലും ടീം തളര്‍ന്നില്ല, കോച്ച് സ്റ്റീവ് കോപ്പല്‍ പുതിയ തന്ത്രങ്ങളൊരുക്കിയും താരങ്ങള്‍ പാളിച്ചകളില്‍ നിന്ന് പാഠമുള്‍കൊണ്ടും ഓരോ മത്സരത്തിലും നില മെച്ചപ്പെടുത്തി. തകര്‍ച്ചയില്‍ നിന്ന് തുടങ്ങി ഫൈനല്‍ വരെയെത്തിയ ആദ്യ സീസണിലെ പ്രകടനമാണ് ഇപ്പോള്‍ ടീമില്‍ നിന്ന് കാണുന്നത്. അന്ന് ഫൈനലില്‍ തോറ്റെങ്കിലും ഇന്ന് രണ്ടാം സെമിയും ജയിച്ച് ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കലാശകളിയിലും വിജയം നുണഞ്ഞ് കന്നി കിരീടം നേടാമെന്ന ആത്മവിശ്വാസമുണ്ട് ടീമിന്. അത്രമേല്‍ ടീം പാകപ്പെട്ടിട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങളില്‍ കേരളത്തിന്റെ പ്രകടനം അത്ര തൃപ്തികരമല്ല, നെഗറ്റീവ് ഗോളുകളുമായി സെമിയില്‍ എത്തിയ ഏക ടീമാണ് ബ്ലാസ്റ്റേഴ്‌സ്. കേരളം ആകെ വഴങ്ങിയ 15 ഗോളുകളില്‍ പതിനൊന്നും എവേ മത്സരങ്ങളില്‍ നിന്നാണ്. നാല് ഗോളുകള്‍ മാത്രമേ എതിര്‍ വലയില്‍ അടിച്ചിട്ടുള്ളു. ഈ സീസണില്‍ ഡല്‍ഹിയില്‍ ഗോള്‍ നേടാന്‍ കഴിയാത്ത ഏക ടീമും ബ്ലാസ്‌റ്റേഴ്‌സാണ്. തുടര്‍ച്ചയായി നാല് എവേ മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയാതെ പോയ ടീമെന്ന പേരുദോഷവുമുണ്ട്. ആദ്യപാദ സെമിയില്‍ ബെല്‍ഫോര്‍ട്ടിന്റെ സോളോ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. മികച്ച പ്രകടനം നടത്തിയ ടീമിന് ഡല്‍ഹിയിലും ആ മികവ് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ കോപ്പല്‍ ഇന്ന് വരുത്തില്ല, ഡല്‍ഹിയുടെ ഗോളടി വീരന്‍മാരായ മുന്‍നിരയെ പിടിച്ചുകെട്ടുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൂര്‍ണമായും വിജയിച്ചിരുന്നു. മധ്യനിരയിലും മികച്ച നീക്കങ്ങള്‍ നടന്നു. മുന്‍നിരയില്‍ മാത്രമാണ് അല്‍പമെങ്കിലും പാളിച്ചകള്‍ ഉണ്ടായത്.

സ്വപ്നം കന്നി ഫൈനല്‍
തുടക്കം മുതല്‍ മിന്നുന്ന പ്രകടനം നടത്തിയാണ് ഡല്‍ഹി അവസാന നാലില്‍ ഇടം നേടിയത്. എങ്കിലും കഴിഞ്ഞ സീസണിലെ ദുരന്തം ആവര്‍ത്തിക്കരുതേ എന്ന പ്രാര്‍ത്ഥനയാണ് ഡല്‍ഹി ആരാധകര്‍ക്കുള്ളത്. പോയ സീസണിലെ സെമിഫൈനലില്‍ എഫ്.സി.ഗോവയോടാണ് ഡല്‍ഹി തോറ്റത്. സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഏക ടീമാണ് ഡല്‍ഹി. കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ മൂന്നു ജയവും നാലു സമനിലയുമാണ് ഡല്‍ഹിയുടെ ഹോം റെക്കോഡ്. സീസണില്‍ ആകെ നേടിയ 27 ഗോളുകളില്‍ പതിനെട്ടെണ്ണവും ഹോം ഗ്രൗണ്ടില്‍ തന്നെ. ഒമ്പതു ഗോളുകളാണ് ആകെ വഴങ്ങിയത്. ഈ പ്രകടനം ഡല്‍ഹി സെമിയിലും ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയണം. ടീമിന്റെ മുന്നേറ്റനിരയിലെ കുന്തമുനകളായ മാഴ്‌സിലീഞ്ഞോക്കും റിച്ചാര്‍ഡ് ഗാഡ്‌സെക്കും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാത്തത് ഡല്‍ഹിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മാര്‍ക്വീതാരം ഫ്‌ളോറന്റ് മലൂദക്കും മികവിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അതേസമയം, സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കുന്നതിന്റെ നേട്ടം ഡല്‍ഹിയ്ക്കുണ്ടെന്ന് കോച്ച് സാംബ്രോട്ട വ്യക്തമാക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നു വിശ്വസിക്കുന്നതായും പരിശീലകന്‍ പറയുന്നു.

ടീമിന് മുന്നില്‍ ഒരേയൊരു ലക്ഷ്യം: കോപ്പല്‍
ഡല്‍ഹി: ടീമിനു മുന്നില്‍ ഒരു ലക്ഷ്യമാണുള്ളതെന്നും അത് കളിക്കുക എന്നതു മാത്രമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍. ഒരു ഗോളിന്റെ മികവ് നിലനിര്‍ത്താന്‍ വേണ്ടി സമനിലക്ക് വേണ്ടി പ്രതിരോധത്തില്‍ ഊന്നിയുള്ള കളി വേണമോ അഥവാ കൗണ്ടര്‍ അറ്റാക്കിനു ശ്രമിക്കണമോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാവില്ല. ഏതു മത്സരത്തിനു ഒരു വേലിയിറക്കം ഉണ്ടെന്നതും യാഥാര്‍ത്ഥ്യം. എന്നാല്‍ ഹോം ടീമിനു സമ്മര്‍ദ്ദം ഏറെയാണ്. അവര്‍ക്കു ജയിക്കാന്‍ ഗോളുകള്‍ വേണം. ആദ്യ മത്സരത്തിലെ വിജയം നിലനിര്‍ത്താന്‍ ബ്ലാസറ്റേഴ്‌സ് ശ്രമിക്കും. കളിക്കളത്തില്‍ എന്ത് സംഭവിക്കുമെന്ന കാര്യം ഇന്ന് നേരില്‍ കാണാമെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

chandrika: