X

ഐഎസ്എല്‍ കലാശം @ കൊച്ചി

കൊച്ചി: ക്രിസമസ് സമ്മാനമായി കൊച്ചിക്ക് ഐ.എസ്.എല്‍ മൂന്നാം സീസണ്‍ ഫൈനല്‍. ഡിസംബര്‍ 18ന് നടക്കുന്ന കലാശകളിയുടെ വേദിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ മേഖലകളിലെ പ്രതിഭകളുടെ സാനിധ്യത്തിലായിരിക്കും കൊച്ചിയിലെ ഫൈനല്‍. സീസണ്‍ തുടക്കത്തിലേ കൊച്ചിക്ക് സാധ്യതകള്‍ കല്‍പിക്കപ്പെട്ടിരുന്നുവെങ്കിലും താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും ഫൈനല്‍ മത്സരം കാണാനെത്തുന്ന അതിഥികള്‍ക്കും താമസ സൗകര്യം കണ്ടെത്താന്‍ വൈകിയതോടെ തീരുമാനം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഒടുവില്‍ ഈ കടമ്പകള്‍ കടക്കാനായതോടെ കൊച്ചിക്ക് തന്നെ നറുക്ക് വീണു. പൂനെ സിറ്റിക്കെതിരായ മത്സരത്തോടെ പത്തു ലക്ഷത്തിലധികം കാണികള്‍ നേരിട്ട് കളി കാണാനെത്തിയ ലീഗിലെ ആദ്യ സ്റ്റേഡിയമെന്ന റെക്കോഡ് കൊച്ചിക്ക് ലഭിച്ചിരുന്നു. എല്ലാ ഹോം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സിന് നിരുപാധിക പിന്തുണയുമായെത്തുന്ന ആരാധകര്‍ക്കുള്ള ഐ.എസ്.എല്‍ മാനേജ്‌മെന്റിന്റെ സമ്മാനം കൂടിയായി മാറി ഫൈനല്‍ വേദി നിശ്ചയം.
കൊച്ചിക്ക് പുറമേ ഡല്‍ഹി, പൂനെ ടീമുകള്‍ക്കായിരുന്നു ലീഗില്‍ ഇതു വരെ ഉദ്ഘാടന മത്സരത്തിനോ ഫൈനലിനോ വേദിയാവാന്‍ കഴിയാതിരുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രധാന നഴ്‌സറികളായി അറിയപ്പെടുന്ന മൂന്നു നഗരങ്ങളില്‍ കൊച്ചി മാത്രമാണ് ഐ.എസ്.എലിന്റെ പ്രധാന മത്സരത്തിന് വേദിയാവാന്‍ ബാക്കിയുണ്ടായിരുന്നതും. കൊല്‍ക്കത്തയിലായിരുന്നു ആദ്യ ലീഗ് സീസണിന്റെ തുടക്കം. ഫൈനലിന് മുംബൈ വേദിയായി. രണ്ടാം സീസണില്‍ ചെന്നൈ ഉദ്ഘാടനത്തിനും ഗോവ കലാശകളിക്കും വേദിയൊരുക്കി. ഐ.എസ്.എലിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്ഥലമെന്ന സവിശേഷതയും കൊച്ചിക്കുണ്ട്്. കഴിഞ്ഞ തവണ സെമിഫൈനല്‍ കാണാതെ പുറത്തായെങ്കിലും കാണികളുടെ അറ്റഡന്‍സില്‍ ഒന്നാം സ്ഥാനം കേരള ബ്ലാസ്റ്റേഴ്‌സിനായിരുന്നു. ഏഴു മത്സരങ്ങള്‍ കാണാന്‍ 52,000 ശരാശരിയില്‍ 3.64 ലക്ഷം പേരാണ് കൊച്ചിയില്‍ കളി കാണാനെത്തിയത്. അറ്റഡന്‍സില്‍ രണ്ടാം സ്ഥാനത്തെത്തിയ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കില്‍ എത്തിയത് മൂന്ന് ലക്ഷം പേര്‍ മാത്രം. പ്രഥമ സീസണിലും കൊച്ചിക്ക് തന്നെയായിരുന്നു റെക്കോഡ്. ആകെയുള്ള ഏഴു മത്സരങ്ങള്‍ കണ്ടത് 3.92 ലക്ഷം പേര്‍. മൂന്നാം സീസണില്‍ കഴിഞ്ഞ ആറു മത്സരങ്ങള്‍ വരെയുള്ള കണക്ക് പ്രകാരം പത്തു ലക്ഷത്തിലധികം പേര്‍ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൊച്ചിയിലെ ഗാലറിയിലെത്തിയത്. 62,013 പേരാണ് അന്നത്തെ മത്സരം നേരില്‍ കണ്ടത്.

chandrika: