X

സെമി കാണാന്‍ ഈ കളി പോരാ ബ്ലാസ്റ്റേഴ്‌സ്

അഷ്‌റഫ് തൈവളപ്പില്‍

കൊച്ചി: 22 ദിവസം നീണ്ട എവേ പര്യടനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി, തുടര്‍ച്ചയായി നാലു എവേ മത്സരങ്ങള്‍ കളിച്ച ടീമിന് ഇനി തുടരെ രണ്ടു ഹോം മത്സരങ്ങളാണ്. നാളെ ഗോവ എഫ്‌സിക്കെതിരെയും 12ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെയും. എവേ മത്സരങ്ങള്‍ കഴിഞ്ഞ് വരുമ്പോള്‍ കാര്യമായ നേട്ടങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സിന് അവകാശപ്പെടാനില്ല, ഗോളടിക്കാന്‍ ആളില്ലെന്ന പേരുദോഷം ഇപ്പോഴും ബാക്കി, തുടര്‍ച്ചയായി മൂന്ന് ഹോം മത്സരങ്ങള്‍ കളിച്ച് ഒക്‌ടോബര്‍ 14ന് എവേ മത്സരങ്ങള്‍ക്കായി തിരിക്കുമ്പോള്‍ ഒരേയൊരു ജയത്തില്‍ നിന്ന് ലഭിച്ച മൂന്നു പോയിന്റുമായി അവസാന സ്ഥാനത്തായിരുന്നു ടീം.

മടങ്ങുന്നത് ആറു പോയിന്റുകള്‍ കൂട്ടിച്ചേര്‍ത്ത് ആറാം സ്ഥാനക്കാരായി. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഗോവക്കെതിരെ മാത്രമാണ് കേരളത്തിന് ജയിക്കാനായത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച ജയവും അതു തന്നെ. ചെന്നൈയിനെയും പൂനെയെയും അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചപ്പോള്‍ അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍വിയും വഴങ്ങി. ലീഗില്‍ തുടര്‍ച്ചയായ ആറു മത്സരങ്ങളില്‍ തോറ്റിട്ടില്ലെന്ന റെക്കോഡാണ് ഡല്‍ഹിക്കെതിരായ തോല്‍വിയിലൂടെ കേരളത്തിന് നഷ്ടമായത്. എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് അവശേഷിക്കുന്ന ആറു മത്സരങ്ങളും ഇനി നിര്‍ണായകമാണ്. സെമിസാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കുകയോ തോല്‍ക്കാതിരിക്കുകയോ ചെയ്യണം.

നാളത്തെ മത്സരം ജയിച്ചാല്‍ ആദ്യ നാലിലെത്താനും ടീമിന് കഴിയും. സീസണില്‍ ഇതുവരെ നാലു ഗോളുകള്‍ മാത്രമാണ് മഞ്ഞപ്പടക്ക് നേടാനായത്. വഴങ്ങിയതാകട്ടെ ആറു ഗോളുകള്‍ മാത്രവും. രണ്ടും സീസണിലെ റെക്കോഡാണ്. ലക്ഷ്യത്തിലേക്ക് ഏറ്റവും കുറഞ്ഞ ഷോട്ടുതിര്‍ത്ത ടീമും ബ്ലാസ്റ്റേഴ്‌സ് തന്നെ, ഏഴു മത്സരങ്ങളില്‍ നിന്ന് എതിരാളിയുടെ വല ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പന്തടിച്ചത് വെറും 19 തവണ, മുന്നിലുള്ള ഡല്‍ഹിയുടെ അക്കൗണ്ടില്‍ 49 ഷോട്ടുകളുണ്ട്. പൂര്‍ണതയിലെത്തിച്ച പാസുകളുടെ എണ്ണത്തിലും ടീം പിറകില്‍ തന്നെ. സ്വന്തം ആരാധകരുടെ മുന്നില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ കളിക്കുമ്പോള്‍ പരമാവധി പോയിന്റുകള്‍ തന്നെയാണ് ടീമിന്റെ ലക്ഷ്യം. ഈ രണ്ടു മത്സരങ്ങളിലെ ഫലങ്ങള്‍ ടീമിന്റെ തുടര്‍ന്നുള്ള യാത്രയില്‍ നിര്‍ണായകമാവുകയും ചെയ്യും. 19ന് മുംബൈ (എവേ), 25ന് പൂനെ (ഹോം), 29ന് കൊല്‍ക്കത്ത (എവേ), ഡിസംബര്‍ 4ന് നോര്‍ത്ത് ഈസ്റ്റ് (ഹോം) ടീമുകള്‍ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റു മത്സരങ്ങള്‍.

chandrika: