ചോദിച്ചു വാങ്ങിയ രണ്ട് ഗോളുകള്‍-തോല്‍ക്കാന്‍ കളിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് അര്‍ഹിച്ചിരുന്നില്ല. വിജയവും മൂന്ന് പോയന്റും വഴി ഡല്‍ഹിക്കാര്‍ ടേബിളില്‍ അര്‍ഹമായ ഒന്നാം സ്ഥാനത്തെത്തി. കേരളാ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസിന്റെ കുറവില്‍ ഡല്‍ഹിക്കാര്‍ക്ക് കടന്നുകയറ്റം എളുപ്പമായിരുന്നു. മാര്‍സലിഞ്ഞോയും റിച്ചാര്‍ഡ് ഗാഡ്‌സേയും കീന്‍ ലൂയിസുമെല്ലാം എത്ര കൂളായാണ് ഓടിക്കയറിയത്. മാന്‍ ടു മാന്‍ മാര്‍ക്കിംഗ് എന്ന അടിസ്ഥാന പ്രതിരോധ സത്യത്തില്‍ വിശ്വാസമില്ലാത്തത് പോലെയായിരുന്നു സന്ദേശ് ജിങ്കാനും സംഘവും കളിച്ചത്. ഗോള്‍ക്കീപ്പര്‍ സന്ദീപ് നന്തിയുടെ വങ്കത്തരങ്ങളുമായപ്പോള്‍ എല്ലാം കേരളത്തിന് എതിരായി. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പല മല്‍സരങ്ങളിലും കണ്ടിരുന്നു ഗോള്‍ക്കീപ്പര്‍മാരുടെ പാസിംഗ് ആലസ്യം….
പന്ത് മൈനസ് ചെയ്ത് ലഭിക്കുമ്പോള്‍, അല്ലെങ്കില്‍ സ്വന്തം കാലില്‍ പന്ത് കിട്ടിയാല്‍-ഗോള്‍ക്കീപ്പര്‍മാര്‍ പഴയ ഹ്വിഗിറ്റ ലൈനില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കും. ഇന്നലെ നന്തിയുടെ ഊഴമായിരുന്നു-അലസമായി പന്ത് തട്ടി കളിച്ച് കീന്‍ ലൂയിസിന് ഗോള്‍ നേടാന്‍ അവസരമൊരുക്കിയതിലെ പ്രതി മറ്റാരുമല്ല. ഈ വീഴ്ച്ചക്ക് നാല് മിനുട്ട് മാത്രം പ്രായമായപ്പോള്‍ ഡിഫന്‍ഡര്‍മാര്‍ കാട്ടിയ പമ്പര വിഡ്ഡിത്തത്തില്‍ മാര്‍സലിഞ്ഞോക്ക് ചാമ്പ്യന്‍ഷിപ്പില്‍ തന്റെ അഞ്ചാം ഗോള്‍ സ്‌ക്കോര്‍ ചെയ്യാനായി. മലൂദ നല്‍കിയ ക്രോസ് തലയില്‍ സ്വീകരിക്കുമ്പോള്‍ മാര്‍സലിഞ്ഞോയുടെ അരികില്‍ ആരുമുണ്ടായിരുന്നില്ല.
ഈ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും അപകടകാരിയായ മുന്‍നിരക്കാരനാണെന്നറിയാമായിട്ടും മാര്‍സലിഞ്ഞോയെ മാര്‍ക്ക് ചെയ്യുന്നതില്‍ പ്രതിരോധക്കാര്‍ കുറ്റകരമായ വീഴ്ച്ചയാണ് വരുത്തിയത്. ഗോള്‍ നേടുന്നതിന് മുമ്പ് രണ്ട് വട്ടം അദ്ദേഹം കേരളാ പെനാല്‍ട്ടി ബോക്‌സില്‍ എളുപ്പത്തില്‍ കയറിയിരുന്നു. എവേ മല്‍സരങ്ങളില്‍ കാര്യമായ പരാജയമറിയാതെ മുന്നേറിയ ടീമിന് ഇന്നലെ ജയിച്ചിരുന്നെങ്കില്‍ ടേബിളില്‍ ഒന്നാമത് വരാമായിരുന്നു.
പക്ഷേ മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും ജയിക്കാനുളള താല്‍പ്പര്യം ആരും പ്രകടിപ്പിച്ചില്ല. അറുപത്തിയഞ്ചാം മിനുട്ടില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി കോച്ച് കോപ്പല്‍ പുതിയ തന്ത്രം പ്രയോഗിച്ചെങ്കിലും പകരക്കാരായി വന്ന അന്റോണിയോ ജര്‍മന്‍, നാസോണ്‍, പ്രതീക് എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ആരോണ്‍ ഹ്യൂസിന് പുറമെ, മുഹമ്മദ് റഫീക്ക്, മൈക്കല്‍ ചോപ്ര എന്നിവരുടെ അഭാവവും ടീമിന്റെ വേഗതയിലും മുന്നേറ്റങ്ങളിലും പ്രകടമായി. മുഹമ്മദ് റാഫിയും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ബെല്‍ഫോട്ടിന്റെ ഒറ്റയാന്‍ റെയിഡുകളാവട്ടെ ഫലപ്രദമായതുമില്ല.