ഐഎസ്എല്‍ മൂന്നാം സീസണിലെ മുപ്പതാം മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേര്‍സിന് തോല്‍വി. എവേ മത്സരത്തില്‍ ശക്തരായ ഡെല്‍ഹി ഡൈനമോസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേര്‍സിനെ കെട്ടുകെട്ടിച്ചത്. ഡല്‍ഹിക്ക് വേണ്ടി 56ാം മിനുറ്റില്‍ കീന്‍ ലൂയിസും 60ാം മിനുറ്റില്‍ മാര്‍സലീഞ്ഞോയുമാണ് ഗോളുകള്‍ നേടിയത്.
സ്വന്തം ഗ്രൗണ്ടില്‍ ഡൈനമോസ് മുന്നേറ്റ നിര താളം കണ്ടെത്തിയപ്പോള്‍ പിടിപ്പതു പണിയായിരുന്നു ബ്ലാസ്റ്റേര്‍സ് പ്രതിരോധ നിരക്ക്. ആദ്യ പകുതിയില്‍ എതിരാളികളെ ഗോളടിക്കാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്തിയ ബ്ലാസ്റ്റേര്‍സിന് പക്ഷെ, രണ്ടാം പകുതിയില്‍ പിഴക്കുകയായിരുന്നു.
56ാം മിനിറ്റില്‍ ബ്ലാസ്‌റ്റേര്‍സ് ഗോള്‍ കീപ്പര്‍ സന്ദീപ് നന്ദിയുടെ കാലില്‍ നിന്നു വഴുതിയ പന്താണ് ആദ്യ ഗോളിലേക്ക് വഴിതുറന്നത്. അധികം വൈകാതെ രണ്ടാം ഗോളുമെത്തി. ഇത്തവണ മാര്‍സലിഞ്ഞോയുടെ ഹെഡറാണ് ഗോളില്‍ കലാശിച്ചത്. ഡല്‍ഹിയുടെ മലയാളി താരം അനസ് എടത്തൊടിക മത്സരത്തിലെ കേമനായി.