ബ്രസീലിന്റെ യുവതാരം മാര്‍സലീനോ, സെനഗലില്‍ നിന്നുള്ള 22 കാരന്‍ ബാദ്രെ ബാദ്ജി- രണ്ട് പേരുടെയും വേഗതയും ആവേശവും ഡല്‍ഹിക്ക് സമ്മാനിച്ചത് മൂന്ന് ഗോളുകള്‍ മാത്രമല്ല-ശക്തമായി കുതിക്കാനുള്ള ഊര്‍ജ്ജവുമാണ്. ചാമ്പ്യന്മാരായ ചെന്നൈയാവട്ടെ ബെര്‍നാര്‍ഡോ മെന്‍ഡി, മെഹ്‌റാജുദ്ദീന്‍ വാദു, ജെജെ തുടങ്ങിയ ക്ഷീണിതരുടെ ആലസ്യത്തില്‍ സ്വന്തം മൈതാനത്ത് ഏറ്റവും വലിയ തോല്‍വിയാണ് രുചിച്ചത്.
മാര്‍സലീനോയുടെ ഇരട്ട ഗോളുകള്‍-ഒന്ന് സുന്ദരമായ പെനാല്‍ട്ടിയാണെങ്കില്‍ മറ്റൊന്ന് ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പില്‍ പിറന്ന അതിമനോഹര ഗോളായിരുന്നു. ഈ രണ്ട് ഗോളുകളിലും വില്ലന്മാരായത് ചെന്നൈ ഡിഫന്‍സായിരുന്നു. പോയ തവണ ടീമിന് കിരീടം സമ്മാനിക്കുന്നതില്‍ സെന്‍ട്രല്‍ ഡിഫന്‍ഡറുടെ ജോലി ഭംഗിയായി നിര്‍വഹിച്ച മെന്‍ഡിയെ പോലെ ഒരു കരുത്തന്‍ പിഴവുകള്‍ മാത്രം വരുത്തിയപ്പോള്‍ വാദുവിലെ അനുഭവസമ്പന്നന്‍ യുവതാരങ്ങളുടെ വേഗതക്കൊപ്പം കുതിക്കാനാവാതെ പലപ്പോഴും കാഴ്ച്ചക്കാരനായി.
രണ്ട് ഇറ്റലിക്കാര്‍, മറ്റരേസിയും സംബ്രോട്ടയും തന്ത്രം പറഞ്ഞ് കൊടുത്ത പോരാട്ടം മാത്രമായിരുന്നില്ല മറീന അറീനയിലെ പ്രത്യേകത- രണ്ട് ടീമിലും മികച്ച ഡിഫന്‍ഡര്‍മാര്‍. അനസ് എടതൊടിക ഡല്‍ഹി പ്രതിരോധത്തെ നയിച്ചപ്പോള്‍ മെന്‍ഡിക്കായിരുന്നു ചെന്നൈ നായകത്വം. എന്നിട്ടും കളിയില്‍ നാല് ഗോള്‍ പിറന്നത് മുന്‍നിരക്കാരുടെ വേഗതയിലും മധ്യനിരക്കാരുടെ ഭാവനയിലുമാണ്. ചെന്നൈ നിരയില്‍ അവരുടെ ഗോള്‍ സ്‌ക്കോറര്‍ ദുദു ഒമാഗമി മാത്രമാണ് മിന്നിയതെങ്കില്‍ ജെജെ ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ ചാമ്പ്യന്മാരെ മൂന്ന് ഗോളിന് തകര്‍ത്തുവിട്ട ഡല്‍ഹിക്കാര്‍ക്ക് മുന്നിലേക്കാണ് ഇനി നമ്മുടെ ബ്ലാസ്‌റ്റേഴ്‌സ് വരുന്നത്-കൊച്ചിയിലെ കാര്യം ഇനി കണ്ടറിയേണ്ടിയിരിക്കുന്നു. രണ്ട് കളികള്‍ ഇതിനകം തോറ്റ ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചിടിപ്പ് ഇപ്പോള്‍ തന്നെ ഉയരുന്നുണ്ട്.