X

കേരള ബിജെപിയില്‍ പൊട്ടിത്തെറി; കെ.സുരേന്ദ്രന്‍ ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുന്നതായി ശോഭാ സുരേന്ദ്രന്‍

കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ പരാതിയുമായി ബിജെപി. നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരിട്ട ‘വെട്ടിനിരത്തല്‍’ തുറന്നുകാട്ടിയാണ് ശോഭാ സുരേന്ദ്രന്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നല്‍കിയ പരാതിയില്‍ പറയുന്നു.

കെ. സുരേന്ദ്രന്‍ സംസ്ഥാനപ്രസിഡന്റായശേഷം അവഗണന നേരിടുന്നവരെ ഒന്നിച്ചുചേര്‍ത്ത് ശോഭാ സുരേന്ദ്രന്‍ അടുത്തിടെ പാര്‍ട്ടിക്കുള്ളില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെകൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്രനേതൃത്വത്തിന് പരാതിനല്‍കിയത്.

കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞതെന്നും പാര്‍ട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയില്‍വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി 2004ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പറയരുതെന്ന് നിര്‍ദേശിക്കുന്നയാള്‍തന്നെ തന്റെ ഗ്രൂപ്പിലുള്ളവരെക്കൊണ്ട് നവമാധ്യമങ്ങളില്‍ വ്യക്തിഹത്യനടത്തുന്നുവെന്ന് കേന്ദ്രനേതൃത്വത്തിനുമുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. തന്നെ അപമാനിച്ച് പുറത്താക്കാനാണ് നീക്കമെന്നും ശോഭ ചൂണ്ടിക്കാട്ടുന്നു.ശോഭയുടെ പരാതിക്കുപിന്നാലെ അസംതൃപ്തരായവരുടെ കൂട്ടായ്മയും നേതൃത്വത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

Test User: