X
    Categories: keralaNews

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജുള്ള സംസ്ഥാനമായി കേരളം മാറി; വിഡി സതീശന്‍

ബസ്, ഓട്ടോ- ടാക്സി നിരക്ക് വര്‍ധനവിലൂടെ വലിയൊരു ബാധ്യതയാണ് സാധാരണക്കാര്‍ക്ക് മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇരുചക്ര വാഹനം പോലുമില്ലാത്ത പാവങ്ങളാണ് കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ സഞ്ചരിക്കുന്നത്.

മിനിമം നിരക്ക് പത്ത് രൂപയായി വര്‍ധിപ്പിച്ചപ്പോള്‍ മിനിമം ദൂരം അഞ്ച് കിലോമീറ്ററായിരുന്നത് രണ്ടര കിലോമീറ്ററായി ചുരുക്കി. കൊറോണ കാലത്ത് മിനിമം ദൂരം രണ്ടര കിലോമീറ്ററായി കുറച്ചത് മഹാമാരിക്ക് ശേഷവും അതേരീതിയില്‍ നിലനിര്‍ത്തുന്നത് ശരിയല്ല. നേരത്തെയുണ്ടായ എല്ലാ നിരക്ക് വര്‍ധനകളിലും മിനിമം ദൂരം അഞ്ച് കിലോമീറ്ററായിരുന്നു. ഇത്തവണ അത് രണ്ടര കിലോമീറ്ററായി ചുരുക്കിയെന്നു മാത്രമല്ല നിരക്ക് പത്ത് രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. എല്ലാ സ്റ്റേജുകളിലും ഇതനുസരിച്ചുള്ള വര്‍ധനവുണ്ടായി. ഒരു രൂപയാണ് കൂട്ടിയതെന്ന് പറയുമ്പോഴും വര്‍ധന നാല് രൂപയായി മാറിയിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജുള്ള സംസ്ഥാനമായി കേരളം മാറി. തമിഴ്നാട്ടില്‍ ഫസ്റ്റ് സ്റ്റേജില്‍ അഞ്ച് രൂപയും സെക്കന്റ് സ്റ്റേജില്‍ ആറ് രൂപയും തേര്‍ഡ് സ്റ്റേജില്‍ ഏഴ് രൂപയും ഫോര്‍ത്ത് സ്റ്റേജില്‍ എട്ട് രൂപയുമാണ്. എന്നാല്‍ കേരളത്തില്‍ ഇത് യഥാക്രമം 10, 13, 15, 18 രൂപയാണ്. അതായത് നിരക്ക് വര്‍ധന ഇരട്ടിയിലധികമാണ്. ശാസ്ത്രീയമായ അപാകതകള്‍ പരിഗണിക്കാതെയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

നിരക്ക് വര്‍ധനയ്ക്ക് പകരം ആറു കൊല്ലം കൊണ്ട് ഇന്ധന വില്‍പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച ആറായിരം കോടി രൂപയുടെ അധിക വരുമാനത്തില്‍ നിന്നും 25 ശതമാനം എടുത്ത് ഇന്ധന സബ്സിഡി നല്‍കണമെന്ന നിര്‍ദ്ദേശം പ്രതിപക്ഷം മുന്നോട്ടു വച്ചിരുന്നു. ഈ നിര്‍ദ്ദേശം നടപ്പാക്കിയിരുന്നെങ്കില്‍ ഭീമമായ നിരക്ക് വര്‍ധന ഒഴിവാക്കാമായിരുന്നു. നിരക്ക് വര്‍ധനവിലെ അപാകതകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Chandrika Web: