തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കെ.എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ഇടത് എം.എല്‍.എമാര്‍ നിയമസഭയില്‍ നടത്തിയ അക്രമങ്ങളെ തുടര്‍ന്നെടുത്ത കേസ് പിണറായി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ബാര്‍ കോഴ വിവാദങ്ങളുടെ പേരില്‍ ഇടത് എം.എല്‍.എമാര്‍ നടത്തിയ അക്രമങ്ങളില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും സി.പി.എം നേതാവുമായ വി.ശിവന്‍കുട്ടി സമര്‍പ്പിച്ച കത്ത്, തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രി നിയമവകുപ്പിന് കൈമാറി. ഇപ്പോള്‍ കിലെ ചെയര്‍മാനായ വി. ശിവന്‍കുട്ടി കഴിഞ്ഞമാസമാണ് ഇതു സംബന്ധിച്ച കത്ത് സര്‍ക്കാറിന് നല്‍കിയത്. ഇന്ന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിരക്കിട്ട നീക്കം നടത്തുന്നത്.
2015 മാര്‍ച്ച് 13നായിരുന്നു ലോകത്തിന് മുന്നില്‍ കേരളത്തെ നാണംകെടുത്തിയ അക്രമമുണ്ടായത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്, ആറ് ഇടതു എം.എല്‍.എമാരെ പ്രതികളാക്കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് ഈ ആറ് പേരും കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. വി. ശിവന്‍കുട്ടിക്ക് പുറമെ ഇ.പി ജയരാജന്‍, ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന കെ.ടി ജലീല്‍, സി.കെ സദാശിവന്‍, കെ. അജിത്, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച് പോയതാണെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമാണ് ശിവന്‍കുട്ടിയുടെ നിവേദനത്തില്‍ പറയുന്നത്. അപേക്ഷയുടെ മറുപടി നിയമവകുപ്പില്‍ നിന്ന് ആഭ്യന്തര വകുപ്പിന് തിരികെ ലഭിച്ചിട്ടില്ല. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ പിന്‍വലിച്ചാലും കോടതി സ്വീകരിച്ചാല്‍ മാത്രമേ കേസ് തീര്‍പ്പാക്കാനാകൂ.
നിയമസഭയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമുള്ള അക്രമത്തിനാണ് 2015 മാര്‍ച്ച് 13ന് കേരളം സാക്ഷ്യം വഹിച്ചത്. ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് സഭക്കുള്ളില്‍ പ്രതിപക്ഷം അഴിഞ്ഞാടിയത്. അക്രമാസക്തരായ പ്രതിപക്ഷം സ്പീക്കറുടെ ഇരിപ്പിടവും ഡയസും കമ്പ്യൂട്ടറും അടിച്ചുതകര്‍ത്തു. സ്പീക്കറെ തടയാന്‍ ശ്രമിച്ച അവര്‍ സഭക്കുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഭരണപക്ഷത്തിനു നേരെ ആക്രോശം ചൊരിഞ്ഞ പ്രതിപക്ഷം മുഖ്യമന്ത്രിക്കുനേരെയും പാഞ്ഞടുത്തു. തടയാന്‍ ശ്രമിച്ച കെ. ശിവദാസന്‍ നായരെ ഇടത് എം.എല്‍.എ ജമീലാ പ്രകാശം കടിക്കുകയും ചെയ്തു.
സ്പീക്കറുടെ ഡയസിലേക്ക് ഇടിച്ചുകയറിയ പ്രതിപക്ഷ എം.എല്‍.എമാര്‍ അദ്ദേഹത്തിന്റെ ഇരിപ്പിടം പിഴുതെറിഞ്ഞു. ഡയസിലുണ്ടായിരുന്ന മൈക്ക്, ടേബിള്‍ ലൈറ്റ്, കമ്പ്യൂട്ടര്‍, സ്വിച്ച് പാനല്‍ എന്നിവ തകര്‍ത്ത പ്രതിപക്ഷ അംഗങ്ങള്‍ ബലം പ്രയോഗിച്ച്, സ്പീക്കര്‍ ഡയസിലെത്തുന്നത് തടയാനും ശ്രമിച്ചു. കെ.ടി ജലീലും ഇ.പി ജയരാജനും ഇപ്പോഴത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ചേര്‍ന്നാണ് സ്പീക്കറുടെ കസേര ഇളക്കി നടുത്തളത്തിലേക്ക് എറിഞ്ഞത്. ഈ സമയം വി.ശിവന്‍കുട്ടി, കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍, ജെയിംസ് മാത്യൂ, അജിത്ത് എന്നിവര്‍ ചേര്‍ന്ന് ഡയസിലുണ്ടായിരുന്ന കമ്പ്യൂട്ടറും മൈക്കും ലൈറ്റും പിഴുതെടുത്തു.
മുണ്ട് മടക്കിക്കുത്തി വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തോളിനു മുകളിലൂടെ മേശപ്പുറത്തു ചവിട്ടി മാണിക്കരികിലേക്കു കുതിച്ച ശിവന്‍കുട്ടിയും ബഹളത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന കെ.കെ.ലതികയും മാണിക്കുനേരെ പാഞ്ഞടുത്ത ബിജിമോളും സഭയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയതായി വിമര്‍ശനമുയര്‍ന്നിരുന്നു. അക്രമങ്ങളെ തുടര്‍ന്ന് നിയമസഭാ സെക്രട്ടറിയേറ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.