X

കുരുതിക്കളമായി കേരളം

തുടര്‍ച്ചയായ കൊലപാതകങ്ങളിലൂടെ കുരുതിക്കളമായി കേരളം. പൊലീസ് പൂര്‍ണമായി നിഷ്‌ക്രിയമായതോടെ ഭീതിജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ് നടന്നത്. പൊലീസിനെ നോക്കുകുത്തിയാക്കി അക്രമസംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദമായിരിക്കുന്നു. നേരത്തേ കണ്ണൂരടക്കം മലബാറിലായിരുന്നു രാഷ്ട്രീയ കൊലപാതകങ്ങള്‍ സ്ഥിരമായി അരങ്ങേറിയതെങ്കില്‍ ഇപ്പോഴിത് സംസ്ഥാന വ്യാപകമായി. പൊലീസിന്റെ നിഷ്‌ക്രിയത്വവും പൊലീസ് ഭരണത്തിന്റെ പിടിപ്പുകേടുമാണ് കൊലപാതകങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ആക്ഷേപം. പാലക്കാടും തിരുവനന്തപുരത്തുമടക്കം പട്ടാപ്പകല്‍ ആരും കൊല്ലപ്പെടാമെന്ന സ്ഥിതിയിലേക്ക് കേരളം മാറിയിരിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് സി.പി. എമ്മില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടും പൊലീസ് നന്നാകുന്നില്ല. സി.പി.എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നടന്ന ജില്ലാ സമ്മേളനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങിയത് ആഭ്യന്തര വകുപ്പായിരുന്നു.

മലബാറില്‍ സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലായിരുന്നു ഏറ്റുമുട്ടലെങ്കില്‍ ആലപ്പുഴയിലും പാലക്കാട്ടും ആര്‍.എസ്.എസ് എസ്.ഡി. പി.ഐയും തമ്മിലാണ്. എല്ലായിടത്തും പൊലീസ് നിഷ്‌ക്രിയമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ഡിസംബര്‍ 17ന് ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലപാതകം. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ വീടിനു സമീപത്തുവെച്ച് കൊല ചെയ്യപ്പെട്ട് 10 മണിക്കൂര്‍ തികയുന്നതിനു മുന്‍പ് ആലപ്പുഴ നഗരത്തില്‍ ബി.ജെ.പി പിന്നാക്ക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്രീനിവാസ് കൊല്ലപ്പെട്ടു.

ഷാന്‍ വധക്കേസിനെ തുടര്‍ന്നുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന ആക്ഷേപം അന്നുതന്നെയുണ്ടായി. രണ്ടു കേസിലെയും പ്രതികള്‍ക്ക് സംസ്ഥാനം വിട്ടു പോകാന്‍ വേണ്ട സൗകര്യങ്ങളാണ് പൊലീസ് ഒരുക്കിക്കൊടുത്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 15നു ഭാര്യയുടെ കണ്‍മുന്നില്‍ കൊലചെയ്യപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എസ്. സഞ്ജിത്തിന്റെ കൊലപാതകികളെ കണ്ടെത്താന്‍ പൊലീസ് ഏറെ അമാന്തിച്ചു. പ്രതികള്‍ക്കു സംസ്ഥാനം വിട്ടുപോകാന്‍ എല്ലാ അവസരവും ലഭിച്ചു. കിട്ടിയ പ്രതികളെ വച്ച് എഫ്.ഐ.ആര്‍ തട്ടിക്കൂട്ടി അന്വേഷണം അവസാനിപ്പിക്കുകയാണ് പൊലീസ് ചെയ്തത്. സഞ്ജിത് കൊല്ലപ്പെട്ടത് ഭാര്യയുടെ മുന്നിലായിരുന്നെങ്കില്‍ സുബൈര്‍ കൊല്ലപ്പെട്ടത് ഉപ്പയുടെ മുന്നിലായിരുന്നു. സുബൈറിനെ കൊലപ്പെടുത്തന്‍ അക്രമിസംഘം സഞ്ചരിച്ചത് സഞ്ജിത്തിന്റെ കാറിലായിരുന്നു എന്നതാണ് ഏറെ പ്രധാനം. സഞ്ജിത് കൊലചെയ്യപ്പെടുന്നതിനു മുന്‍പേ വര്‍ക്ക് ഷോപ്പിലായ ഈ കാര്‍ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ സുപ്രധാനമായ കണ്ണിയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.കേരളം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന വിധമാണ് അനുദിനം വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് പോലും ഇത്ര നികൃഷ്ടമായ കൊലപാതകങ്ങള്‍ നടക്കുന്നെന്നത് ഞെട്ടിക്കുന്നതാണ്. കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. എന്നാല്‍ പൊലീസിന് ഒന്നും ചെയ്യാനാകുന്നില്ലെന്നായിരുന്നു മറുപടി.

Test User: