അഖിലേന്ത്യാ പെർമിറ്റുളള ടൂറിസ്റ്റ് ബസുകളിൽ നിന്ന് അതിർത്തി നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയിൽ ഉറപ്പു നൽകി. സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചവരുടെ കാര്യത്തിലാണിത്.
അതിർത്തി നികുതി ഈടാക്കുന്നത് വിലക്കിയ കോടതി ഉത്തരവ് കേരളം, തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങൾ മാനിക്കുന്നില്ലെന്ന് ബസുടമകൾ ഇന്നലെ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. സ്റ്റേ ഉത്തരവ് നിലനിൽക്കെ ഇതെങ്ങനെ സാദ്ധ്യമാകുമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിനെ പുലർച്ചെ 03.45ന് തടഞ്ഞു നിറുത്തി കുട്ടികളെയും സ്ത്രീകളെയും പുറത്തിറക്കിയത് ഹർജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ബസുടമകളെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്. കേരളത്തിൽ ഓരോ നൂറു കിലോമീറ്ററിലും പിഴ ഈടാക്കുന്നുവെന്നും വാദിച്ചു. സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യനടപടിയിലേക്ക് കടക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ അതിർത്തി നികുതി ഈടാക്കില്ലെന്ന് കേരളവും തമിഴ്നാടും ഉറപ്പു നൽകുകയായിരുന്നു.
തമിഴ്നാട് മാപ്പ് പറഞ്ഞു. ശ്രദ്ധിച്ചോളാമെന്ന് കേരളം അറിയിച്ചു. കോടതിയലക്ഷ്യഹർജിയിൽ തമിഴ്നാട് സർക്കാരിന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. അഖിലേന്ത്യാ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് ചട്ടങ്ങൾ മറി കടന്ന് സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് അതിർത്തി നികുതി പിരിക്കുന്നുവെന്നണ് ഉടമകളുടെ പരാതി. വിഷയം ജനുവരി പത്തിന് വീണ്ടും പരിഗണിക്കും.