X

കേരളത്തിന് അവഗണന: പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി നേതാക്കള്‍

തിരുവനന്തപുരം: കേരളത്തില്‍നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് അവസരം നല്‍കാതിരുന്ന പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ സംസ്ഥാന നേതാക്കളുടെ രൂക്ഷ പ്രതിഷേധം.
നോട്ടു പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് കേരളത്തിലെ സഹകരണ മേഖലയില്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാനും ഇളവ് അനുവദിച്ചു കിട്ടാനുമായി പ്രധാനമന്ത്രിയെ കാണാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം മോദി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം. കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളില്‍ നിന്നും രൂക്ഷമായ വിമര്‍ശമാണ് മോദിക്ക് നേരിട്ടത്.

കേരളത്തിലെ ജനങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന് പ്രധാനമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാകാനുള്ള നീക്കമാണ് നരേന്ദ്രമോദി നടത്തുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഒരു ഭരണാധികാരി ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടാണിതെന്നും ചെന്നിത്തല പറഞ്ഞു. ഉലകം ചുറ്റും വാലിബനായ പ്രധാമന്ത്രി, കേരളത്തിലെ ജനങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ സമയം ചോദിക്കുമ്പോള്‍ ധനമന്ത്രിയെ കാണാന്‍ പറയുന്നത് തെറ്റായ നടപടിയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സര്‍വ്വകക്ഷി സംഘത്തെ കാണാന്‍ വിസമ്മതിച്ച നരേന്ദ്ര മോദിയുടെ നടപടി ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പറഞ്ഞു.

ജനങ്ങളേയും അവരനുഭിവിക്കുന്ന വികാരങ്ങളെയും മാനിക്കാത്ത ഒരു പ്രധാനമന്ത്രിയെ ഓര്‍ത്ത് രാജ്യം ലജ്ജിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.

chandrika: