X

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം∙ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്. 2029 ല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്ന് രാം നാഥ് കോവിന്ദ് സമിതി ശുപാര്‍ശ ചെയ്തു. ഇതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണിത്. തിരഞ്ഞെടുപ്പുകളെ കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഈ ജനാധിപത്യ വിരുദ്ധതയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നിഴലിച്ചു നില്‍ക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

 

webdesk14: