X

വോട്ടെടുപ്പില്‍ അട്ടിമറി ഉണ്ടായിട്ടില്ലെന്ന് കെനിയന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

നെയ്‌റോബി: കെനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ കമ്പ്യൂട്ടര്‍ ശൃംഖലകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന പ്രതിപക്ഷ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. കമ്മീഷന്റെ ഐടി സിസ്റ്റില്‍ ഒരുഘട്ടത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എസ്‌റ ചിലോബ പറഞ്ഞു. പ്രസിഡന്റ് ഉഹ്‌റു കെനിയാത്തക്ക് ശക്തമായ മേല്‍ക്കൈ ലഭിച്ച തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി റൈല ഒഡിംഗ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റമറ്റ രീതിയില്‍ വോട്ടെടുപ്പ് നടത്താന്‍ സാധിച്ചതായി കമ്മീഷന്‍ അവകാശപ്പെട്ടു.
കമ്മീഷന്‍ അകത്തും പുറത്തുമുള്ള ഐടി ശൃംഖലകളില്‍ ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ചിലോബ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. തലസ്ഥാനമായ നെയ്‌റോബിയില്‍ രണ്ടുപേര്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്ത ഭരണകൂടം നിഷേധിച്ചു.
10 വര്‍ഷം മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ 1100ലേറെ പേര്‍ കൊല്ലപ്പെടുകയും ആറു ലക്ഷത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്ത ഓര്‍മകള്‍ ഇപ്പോഴും കെനിയന്‍ ജനതയെ വേട്ടയാടുന്നുണ്ട്. ഇത്തവണയും രക്തചൊരിച്ചില്‍ ആവര്‍ത്തിക്കുമോ എന്നാണ് ജനങ്ങളുടെ പേടി. കെനിയാത്തയെക്കാള്‍ ഏറെ മുന്നിലാണ് താന്നെന്ന് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് ഒഡിംഗ ട്വിറ്ററിലൂടെ അവകാശപ്പെട്ടു. ബലപ്രയോഗത്തിനു മുതിരാതെ ആത്മസംയമനം പാലിക്കാന്‍ ആഫ്രിക്കന്‍ യൂണിയനും യൂറോപ്യന്‍ യൂണിയനും കെനിയയിലെ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു.

chandrika: