X

കെ.എസ്.ഇ.ബിയുടെ ഫ്യൂസൂരലില്‍ നിന്ന് എം.വി.ഡിയെ രക്ഷിക്കാന്‍ കെല്‍ട്രോണ്‍ രംഗത്ത്

ബില്‍ക്കുടിശ്ശികയുടെ പേരില്‍ വൈദ്യുതിബോര്‍ഡിന് മുന്നില്‍പ്പെട്ട മോട്ടോര്‍വാഹനവകുപ്പിന്റെ രക്ഷയ്ക്ക് കെല്‍ട്രോണ്‍. സേഫ് കേരള ഓഫീസുകളുടെ വൈദ്യുതിച്ചെലവവ് ഇനിമുതല്‍ കെല്‍ട്രോണ്‍ വഹിക്കും. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുകളുടെ പരിപാലന ചുമതല മോട്ടോര്‍വാഹനവകുപ്പ് കെല്‍ട്രോണിന് കൈമാറി. നിലവിലെ കുടിശ്ശിക മാത്രമാണ് തീര്‍ക്കാനുള്ളത്. റോഡ് സുരക്ഷാഫണ്ടില്‍ ഇത് അടയ്ക്കും.

14 ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുകളും ക്യാമറ കണ്‍ട്രോള്‍റൂമുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് കെല്‍ട്രോണാണ്. ചെലവാകുന്ന തുക പിന്നീട് റോഡ് സുരക്ഷാ അതോറിറ്റിയില്‍നിന്നു നല്‍കും. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴയുടെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റിക്ക് കൈമാറുന്നുണ്ട്. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാം.

സേഫ് കേരള ഓഫീസുകളും റോഡ് സുരക്ഷയുടെ ഭാഗമായതിനാല്‍ തുക കൈമാറുന്നതിന് സാങ്കേതികതടസ്സമില്ല. കെ.എസ്.ഇ.ബി. വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയും കുടിശ്ശികവരുത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിച്ചും ഇരുവകുപ്പും തമ്മില്‍ തുടങ്ങിയ തര്‍ക്കം മുറുകവയേണ് കെല്‍ട്രോണിന്റെ വരവ്. ബില്‍ കുടിശ്ശിക വരുത്തിയ കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെ വൈദ്യുതി വിച്ഛേദിച്ചതും അനുമതിയില്ലാതെ ബോര്‍ഡ് വെച്ചതിന് കെ.എസ്.ഇ.ബി.യുടെ കരാര്‍വാഹനത്തിന് പിഴ ചുമത്തിയതും കഴിഞ്ഞദിവസമാണ്. വയനാട്ടില്‍ തുടങ്ങിയ തര്‍ക്കമാണ് ഇപ്പോള്‍ കാസര്‍കോട് തുടരുന്നത്.

ആര്‍.ടി.ഒ.മാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് റോഡ് സുരക്ഷാ ഫണ്ടില്‍നിന്നു തുക അനുവദിക്കുന്ന രീതിയാണ് ഇതുവരെയുണ്ടായിരുന്നത്. ഇതിന് കാലതാമസം നേരിട്ടതാണ് വൈദ്യുതി ബില്‍ കുടിശ്ശികയുണ്ടാക്കിയത്. അതേസമയം, പുതുതായി തുടങ്ങിയ 7 സബ് ഓഫീസുകളുടെ ചെലവിന് തുക അനുവദിക്കുന്നതില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് വീഴ്ചവരുത്തുന്നുണ്ട്. ഇതില്‍ കെ.എസ്.ഇ.ബി. നടപടിയെടുത്താല്‍ നിലവിലെ യുദ്ധം തുടരാനാണ് സാധ്യത.

webdesk13: