X

ബിനോയ്‌വിശ്വത്തിന്റെ കെല്‍പും പിണറായിയുടെ കലിപ്പും-എഡിറ്റോറിയല്‍

‘ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ് സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കുമുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകാന്‍പോകുന്ന ശൂന്യതയെപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങള്‍. അതുകൊണ്ട് കേരളത്തിലെ തര്‍ക്കങ്ങളെല്ലാം ഇരിക്കെത്തന്നെ ഞാന്‍ പറയുന്നു, കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ തകര്‍ച്ചയുടെ ശൂന്യത നികത്താനുള്ള കെല്‍പ് ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘ്പരിവാരവും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും.’ ഇത് പറയുന്നത് രാജ്യത്തെ ചെറുതെങ്കിലും പ്രമുഖ പ്രതിപക്ഷ കക്ഷികളിലൊന്നായ സി.പി.ഐയുടെ ദേശീയ സെക്രട്ടറിയും രാജ്യസഭാംഗവുമാണ്. എന്നാല്‍ പാലക്കാട് കോട്ടമൈതാനത്ത് സി.പി.എം ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു മറ്റൊരു ഇടതുപക്ഷ സംഘടനയായ സി.പി.എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞതുകൂടി കേള്‍ക്കണം.’ഭരണഘടന സംരക്ഷിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ ചെറുക്കാതെ വര്‍ഗീയതയോട് ഒത്തുചേര്‍ന്നുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത.് താന്‍ ഹിന്ദുവാണെന്ന് രാഹുല്‍ഗാന്ധി പറയുന്നു. കോണ്‍ഗ്രസിന്റെ നയം രാജ്യം തിരിച്ചറിഞ്ഞു. പല കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്.’ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ രണ്ട് കമ്യൂണിസ്റ്റുകക്ഷികളുടെ രണ്ടുതരം അഭിപ്രായങ്ങളായാണ് ഏതൊരു ശ്രോതാവിനും ഇതിലൂടെ ബോധ്യപ്പെടുക. കോണ്‍ഗ്രസിനെ അനുകൂലിച്ച് ഒരുനേതാവ് പറയുമ്പോള്‍ അതേ കോണ്‍ഗ്രസിനെ ഭത്‌സിച്ച് മറ്റൊരു സഹകമ്യൂണിസ്റ്റ്‌നേതാവ് പരസ്യപ്രസ്താവന നടത്തുക. രാജ്യത്തെ ഇടതുപക്ഷം നേരിട്ടുകൊണ്ടിരിക്കുന്ന നയവൈരുധ്യവും പാപ്പരത്തവും തന്നെയാണ് ഇരുപ്രസ്താവനകളിലൂമായി മുഴച്ചുനില്‍ക്കുന്നത.്

കോണ്‍ഗ്രസ് മാത്രമാണ് സ്വാതന്ത്ര്യകാലം മുതലിന്നുവരെ രാജ്യത്തിന്റെ രാഷ്ട്രീയ-മതേതര നേതൃസ്ഥാനത്തുള്ളത് എന്നത് ഏതൊരു കൊച്ചുകുട്ടിക്ക് പോലും അറിയാവുന്നത്ര ലളിതമായ വസ്തുതയാണ്. രാജ്യത്ത് നാലു പതിറ്റാണ്ടോളം ഭരണം നടത്തുകയും ഇന്ത്യ ഇന്നു കാണുന്ന സര്‍വ തലസ്പര്‍ശിയായ വികസനത്തിനും മതേതരത്വത്തിനും രാജ്യസമാധാനത്തിനും വഴിവെച്ചതിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പങ്ക് ആരാലും സമ്മതിക്കത്തക്കതാണ്. രാജ്യത്തിന്റെ കൊടും ഭീഷണിയായി ഇന്ന് അധികാരത്തിലിരിക്കുന്നത് ബി.ജെ.പിയും അതിനെ അകമേ നിയന്ത്രിക്കുന്ന ഹിന്ദുത്വ സംഘ്പരിവാരവുമാണ്. അവരുടെ അജണ്ടയാകട്ടെ ലോകമാദരിക്കുന്ന മഹത്തായ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മതേതരത്വത്തിന് കടകവിരുദ്ധവും ശുദ്ധ വംശീയതയുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആ സംഘടനകളുടെ നേതാക്കള്‍തന്നെയാണ് ഹിന്ദുത്വ രാഷ്ട്രത്തെക്കുറിച്ചും മുസ്‌ലിം-ന്യൂനപക്ഷ വിരുദ്ധതയെക്കുറിച്ചുമൊക്കെ വേദികളില്‍നിന്ന് വേദികളിലേക്ക് മാറി പ്രസംഗിച്ചുകൊണ്ടിരിക്കുന്നത.് ഈ വെല്ലുവിളി ചെറുത്തുതോല്‍പിക്കുക എന്നത് അനിവാര്യമായ ഒന്നാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. അതിന് ബിനോയ്‌വിശ്വം പറയുന്നതുപോലെ തക്ക പ്രതിരോധശേഷിയുള്ള കക്ഷി കോണ്‍ഗ്രസാണ്. ഇടതുപക്ഷമോ മറ്റേതെങ്കിലും കക്ഷിയോ അല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുകമാത്രമാണ് ഏതൊരു മതേതരസ്‌നേഹിക്കും രാജ്യസ്‌നേഹിക്കും ഇപ്പോള്‍ ചെയ്യാനുള്ളത്. അതിനുള്ള ഒരുക്കങ്ങള്‍ എന്നോ തുടങ്ങേണ്ട സമയവുമായിരിക്കുന്നു. വരുംമാസങ്ങളില്‍ നടക്കുന്ന ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ചുസംസ്ഥാനങ്ങളിലും 2024ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും കൈക്കൊള്ളേണ്ട നയങ്ങളും തീരുമാനങ്ങളും അത്തരത്തിലുള്ളതായിരിക്കണമെന്ന വ്യംഗ്യമായ ആശയവും നിര്‍ദേശവും കൂടിയാണ് സി.പി.ഐ എം.പി പങ്കുവെച്ചിരിക്കുന്നത്. ഒരു കണക്കിന് ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പിളര്‍പ്പിന് കാരണമായ പക്വമായ നേതൃത്വത്തിന്റെ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ തുടര്‍ച്ചയാണിത്. പക്ഷേ അന്നത്തെ കമ്യൂണിസ്റ്റ് വരട്ടുതത്വവാദത്തില്‍നിന്ന് പിളര്‍പ്പിന്റെ അമ്പത്തെട്ടാം വര്‍ഷത്തിലും സി.പി.എം ഒട്ടും മുന്നോട്ടു ചലിച്ചിട്ടില്ലെന്നതാണ് പിണറായിവിജയന്റെ പ്രസ്താവനകളുടെ പൊരുള്‍. ഹിന്ദുവാണെന്ന് പറഞ്ഞതാണ് രാഹുലിനെതിരായ പിണറായിയുടെ പ്രകോപനത്തിന് കാരണമത്രെ. ഹിന്ദുവെന്നല്ലാതെ താനൊരു കമ്യൂണിസ്റ്റാണെന്നാണോ ഹിന്ദുമത സംഹിതകളെ വക്രീകരിക്കുന്ന മോദിയെനോക്കി രാഹുല്‍ഗാന്ധി പിന്നെ പറയേണ്ടിയിരുന്നത്?

കേന്ദ്രത്തിലും 20ലധികം സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പിയെ, ബാക്കി ഏതാനും സംസ്ഥാനങ്ങളിലും ലോക്‌സഭയില്‍ അമ്പതിലധികം സീറ്റുകളിലും മാത്രമൊതുങ്ങുന്ന കോണ്‍ഗ്രസിന് നേരിടാനുള്ള ശേഷിയില്ലെന്നത് അംഗീകരിച്ചേ മതിയാകൂ. അതുകൊണ്ട് രാജ്യവും ജനതയും കാത്തിരിക്കുന്നത് ബി.ജെ.പി വിരുദ്ധരായ സകലപാര്‍ട്ടികളെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ളൊരു വിശാലസഖ്യമാണ്. എന്നാല്‍ സ്വന്തം പാര്‍ട്ടിസമ്മേളനഘട്ടത്തില്‍ പോലും അതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനോ തീരുമാനങ്ങളെടുക്കുന്നതിനോ അല്ല, അന്ധമായ കോണ്‍ഗ്രസ് വിരോധം ജനങ്ങളില്‍ പരമാവധിപടര്‍ത്താനാണ് സി.പി.എം പരിശ്രമിക്കുന്നത്. കഴിഞ്ഞ ഹൈദരാബാദ് പാര്‍ട്ടികോണ്‍ഗ്രസില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ കൈക്കൊണ്ട നയം ഇത്തവണ ഉപേക്ഷിക്കണമെന്നാണ് കേരളഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനര്‍ത്ഥം ബി.ജെ.പിയെ മൂന്നാമതും അധികാരത്തിലേറ്റുകയെന്നത് മാത്രമാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നാണ്. അതാണല്ലോ കേരളത്തിലെ പാര്‍ട്ടിയായി മാറാനുള്ള കാരണവും. മുമ്പ് ജനതാദളിലൂടെ ബി.ജെ.പിയെ വളര്‍ത്തിയ സി.പി.എമ്മിന് പറ്റിയതെറ്റ് ഇനിയെങ്കിലും കണ്ണുതുറന്നുകാണാന്‍ കഴിയണം. ബിനോയ്‌വിശ്വത്തിനും സി.പി.ഐക്കുമുള്ള ആ കെല്‍പ് പക്ഷേ പിണറായിക്കും കോടിയേരിക്കും കലിപ്പായി മാറുന്നത് സ്വാഭാവികം.

Test User: