ഡല്‍ഹി: കോവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 25 വയസ് തികയുന്നത് വരെ പ്രതിമാസം 2500 രൂപ വീതം നല്‍കുമെന്നും അവരുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ദരിദ്ര കുടുംബങ്ങളില്‍നിന്നുള്ള 72 ലക്ഷം പേര്‍ക്ക് ഈ മാസം 10 കിലോ സൗജന്യ റേഷന്‍ നല്‍കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
‘കോവിഡ് കാരണം നിരവധി കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. തങ്ങള്‍ തനിച്ചായിപ്പോയെന്നും നിസ്സഹായരാണെന്നും അത്തരം കുട്ടികള്‍ കരുതരുത്. ഞാന്‍ എല്ലായ്‌പ്പോഴും അവരോടൊപ്പം നില്‍ക്കുന്നു.’ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
വരുമാനമുള്ള ഏക അംഗത്തെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച 50,000 രൂപയുടെ ഒറ്റത്തവണ സഹായത്തിന് പുറമേ പ്രതിമാസം 2,500 രൂപയും ലഭിക്കും. ഓരോ മാസവും അഞ്ച് കിലോ റേഷന്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നുണ്ടെന്നും എന്നാല്‍ ഈ മാസം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇത് സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.