X

അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണം, വീട് നല്‍കാന്‍ ആവശ്യപ്പെടും: ആം ആദ്മി പാര്‍ട്ടി

അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണം, വീട് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ചദ്ദ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്ന പാര്‍ട്ടികള്‍ക്ക്, പാര്‍ട്ടി ആസ്ഥാനവും, പാര്‍ട്ടി അധ്യക്ഷന് ഒരു താമസസ്ഥലവും നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ പാര്‍ട്ടി പദവി ലഭിച്ചിട്ടും നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ആസ്ഥാനം ലഭിച്ചതെന്നും അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണമെന്നും ചദ്ദ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് സര്‍ക്കാര്‍ വസതി നല്‍കിയിട്ടുണ്ടെന്നും ബിഎസ്പി അധ്യക്ഷ മായാവതിക്കും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ക്കും വസതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ പോരാട്ടങ്ങള്‍ക്ക് ഇടവക്കാതെ കെജ്‌രിവാളിന് വസതി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ചദ്ദ പറഞ്ഞു.

10 വര്‍ഷം മുഖ്യമന്ത്രിയായിട്ടും കെജ്‌രിവാളിന് വീടോ സമ്പത്തോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിയുമെന്നും ഔദ്യോഗികമായി ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാളിന് പദവിയിലോ കസേരയിലോ അര്‍ത്തി ഇല്ലെന്ന് രാജിക്കത്തോടെ വ്യക്തമായെന്നും രാഷ്ട്രീയ നൈതികതയില്‍ വിശ്വസിക്കുന്നയാളാണ് അദ്ദേഹമെന്നും ചദ്ദ പറഞ്ഞു.

 

webdesk14: