ന്യൂഡല്‍ഹി: സൈന്യത്തിലെ ഒരു പദവി, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത് വൈകിയതില്‍ പ്രതിഷേധിച്ച്് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. നാലു മണിക്കൂറിനിടെ രണ്ടു തവണയാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. രാഹുലിനെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലും കെജ്‌രിവാളിനെ, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയ ലേഡി ഹര്‍ദിന്‍ജെ ആസ്പത്രിയിലുമാണ് തടഞ്ഞത്.
70 മിനിറ്റ് തടഞ്ഞുവെച്ചാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പൊലീസ് വിട്ടയച്ചത്. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം വിളിച്ചുവരുത്തിയ നടപടിയെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. വിമുക്തഭടന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കാനെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിമുക്ത ഭടന്റെ ബന്ധുക്കളെയും പൊലീസ് തടഞ്ഞുവെച്ചു. ആത്മഹത്യ ചെയ്ത സുബേദാര്‍ രാം കിഷന്‍ ഗ്രേവാളിന്റെ ബന്ധുക്കളെ കാണാന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ന്യൂഡല്‍ഹിയിലെ ബാബാ ഖരഗ് സിങ് മാര്‍ഗിലുള്ള രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ രാഹുലെത്തിയത്. ആസ്പത്രി ഗേറ്റിനു മുമ്പില്‍ രാഹുലിനെ പൊലീസ് തടഞ്ഞു.
സുരക്ഷാ കാരണങ്ങളാല്‍ അകത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. രാഹുലിനൊപ്പമുണ്ടായിരുന്ന പാര്‍ട്ടി നേതാക്കളായ രാണ്‍ദീപ് സുര്‍ജേവാലയും കിരണ്‍ ചൗധരിയും പൊലീസുമായി വാക്കു തര്‍ക്കങ്ങളും ഉന്തും തള്ളുമുണ്ടായി. വൈകിട്ട് ആറു മണിയോടെയാണ് കുടുംബത്തെ കാണാന്‍ വീണ്ടും രാഹുലെത്തിയത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ പൊലീസ് വീണ്ടും തടഞ്ഞ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെ രാഹുലിനെയും സിന്ധ്യയെയും തിലക്മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അടക്കമുള്ള നേതാക്കള്‍ രാഹുലിനെ കാണാനെത്തി. വൈകിട്ട് ഏഴേകാലോടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷനെ മോചിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ സൈനികന്റെ കുടുംബത്തോട് മാപ്പു പറയണമെന്ന് രാഹുല്‍ പറഞ്ഞു. എന്തിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് ഭടന്റെ കുടുംബത്തെ പൊലീസ് തടഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. നേരത്തെ, വിമുക്ത ഭടന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച എ.എ.പി നേതാക്കള്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് അഴിമതി വിരുദ്ധ വിഭാഗം മേധാവി എം.കെ മീണ പറഞ്ഞു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നിട്ടും അദ്ദേഹം മറ്റു നേതാക്കള്‍ക്കൊപ്പം ആസ്പത്രിയിലെത്തുകയായിരുന്നു.
ആസ്പത്രിയില്‍ തടസ്സമുണ്ടാക്കുന്നതല്ല ജനാധിപത്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാരെ വിളിച്ചതു കൊണ്ടാണ് വിമുക്തഭടന്റെ ബന്ധുക്കളെ തടഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
തടഞ്ഞുവെച്ച രാഹുലിനെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസുകാര്‍ നല്‍കിയ സീറ്റിലിരുന്ന് ‘ഒരു മുന്‍ സൈനികനെ അറസ്റ്റു ചെയ്യാന്‍ നിങ്ങള്‍ക്ക് നാണമുണ്ടോ?’ എന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അദ്ദേഹം രോഷാകുലനായി. ഉപാധ്യക്ഷനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുമ്പില്‍ തടിച്ചുകൂടി. ഇതോടെ, നാലു മണിയോടെ രാഹുലിനെ വിട്ടയക്കുകയായിരുന്നു. അതിനിടെ, തന്റെ കുടുംബത്തെ പൊലീസ് മര്‍ദിച്ചതായി ആത്മഹത്യ ചെയത് വിമുക്തഭടന്‍ രംഗത്തുവന്നത് പൊലീസിനെ പ്രതിരോധത്തിലാക്കി.
ബന്ധുക്കള്‍ സ്‌റ്റേഷനില്‍ രാഹുലുമായി സംസാരിച്ചു. ഈ വേളയിലായിരുന്നു നിങ്ങള്‍ക്ക് നാണമില്ലേ? ഇങ്ങനെയാണോ ഒരു വിമുക്ത ഭടനോട് പെരുമാറേണ്ടത്? നിങ്ങള്‍ എന്തു ജോലിയാണ് ചെയ്യുന്നത് എന്ന് രാഹുല്‍ ചോദിച്ചത്. സ്റ്റേഷനു പുറത്ത് കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച രാഹുല്‍, ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പട്ടാളക്കാരന്റെ ബന്ധുക്കളെ കാണാന്‍ കോണ്‍ഗ്രസിനെ അനുവദിക്കാതിരുന്നില്ലെന്ന് പറഞ്ഞു. ഏതു തരത്തിലുള്ള രാഷ്ട്രമാണ് രൂപപ്പെടുന്നത്. ഇതൊരു മാനസിക നിലയാണ്. ജനാധിപത്യരഹിതമായ മനോനില- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആത്മഹത്യ ചെയ്ത സൈനികന്റെ ബന്ധുക്കളെ സന്ദര്‍ശിക്കേണ്ടത് തന്റെ ബാധ്യതയാണ് എന്നായിരുന്നു തടഞ്ഞുവെക്കപ്പെട്ട ശേഷം അരവിന്ദ് കെജ്‌രിവാളി ന്റെ പ്രതികരണം. പൊലീസുകാര്‍ അപമര്യാദയോടെ പെരുമാറിയെന്ന് സൈനികന്റെ മകന്‍ തന്നോട് പറഞ്ഞു. പൊലീസുകാര്‍ക്ക് തോന്നിയത് ചെയ്യാനാകുമോ? ഇവിടെ പൊലീസ് ഭരണമാണോ?- അദ്ദേഹം ചോദിച്ചു.
നേതാക്കളെ തടങ്കലില്‍ വെച്ചതിനെതിരെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. കോണ്‍്ഗ്രസ് നേതാക്കളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതുമായി ബന്ധപ്പെട്ട് ഗുലാംനബി ആസാദ്, സജ്ജന്‍ കുമാര്‍, ജ്യോതിരാദിത്യ സിന്ധ്യ, അജയ്മാക്കന്‍, രാജ് ബബ്ബര്‍, ഭൂപേന്ദ്രസിങ് ഹൂഡ, ഷക്കീല്‍ അഹമ്മദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാക്കളെ കൂട്ടമായി തടങ്കലില്‍ വെച്ചതോടെ, ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന്് ഡല്‍ഹി പൊലീസ് പത്രക്കുറിപ്പിറക്കി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസില്‍ നിന്ന് വിശദീകരണം ചോദിച്ചു. പൊലീസ് ചെയ്യേണ്ടത് ചെയ്തു എന്നായിരുന്നു നേതാക്കളെ തടഞ്ഞതിനെ കുറിച്ച ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം.