ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ചുനടന്ന ലക്ഷ്മിപൂജയ്ക്കായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയത് ആറുകോടി രൂപ. സഖേത് ഗോഖലെ എന്ന ആക്ടിവിസ്റ്റ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. പരിപാടിയുടെ ഓരോ മിനിറ്റിനും 20 ലക്ഷം രൂപ എന്ന നിരക്കില്‍ 6 കോടി രൂപ പൂജയ്ക്കായി സര്‍ക്കാര്‍ പൊടിച്ചുവെന്ന കണക്കുകളാണ് പുറത്തുവന്നത്. ലക്ഷി പൂജ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്ന് ന്യായം പറഞ്ഞാണ് ആം ആദ്മി സര്‍ക്കാര്‍ കോടികള്‍ ഇതിനായി ഒഴുക്കിയത്.
ഡല്‍ഹി സര്‍ക്കാരിന്റെ ടൂറിസം ട്രാന്‍സ്പോര്‍ട്ട കോര്‍പ്പറേഷന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് കണക്കുകള്‍ പുറത്തുവന്നത്. ലക്ഷ്മി പൂജയുടെ ലൈവ് ടെലികാസ്റ്റും അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നടത്തിയിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ മാസം 14നാണ് കെജരിവാള്‍ ലക്ഷ്മി പൂജ നടത്തിയത്. വായുമലിനീകരണം കണക്കിലെടുത്ത് ആരും പടക്കം പൊട്ടിക്കരുതെന്നും പകരം എല്ലാവരും ലക്ഷ്മി പൂജയില്‍ പങ്കെടുക്കണമെന്നും കെജരിവാള്‍ നിര്‍ദേശിച്ചിരുന്നു. കോവിഡ് മുന്നണിപ്പോരാളികളായ ഡോക്ടര്‍മാരും നേഴ്സുമാരും ശമ്പളമില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ സമരം തുടരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു മതപരിപാടി സംഘടിപ്പിച്ച് സര്‍ക്കാര്‍ പൊതുജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് ധൂര്‍ത്ത് നടത്തുന്നതെന്ന് സഖേത് ഗോഖലെ കുറ്റപ്പെടുത്തി.