X

ഇ.ഡി കസ്റ്റഡിയിലിരുന്ന് ആദ്യ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് കെജ്രിവാൾ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍നിന്ന് ആദ്യ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജലമന്ത്രാലയുമായി ബന്ധപ്പെട്ട നിര്‍ദേശമാണ് അദ്ദേഹം നല്‍കിയത്.

നിര്‍ദേശം ആപ്പ് നേതാക്കള്‍ പുറത്തുവിട്ടു. ‘ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ വെള്ളത്തിന്റെയും മലിനജലത്തിന്റെയും നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. ഇതില്‍ താന്‍ ആശങ്കയിലാണ്. താന്‍ ജയിലിലായതിനാല്‍ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത്. വേനല്‍ക്കാലവും വരുന്നു. ജലക്ഷാമമുള്ളിടത്ത് വെള്ളം എത്തിക്കാന്‍ ടാങ്കറുകള്‍ ക്രമീകരിക്കുക.

പൊതുജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടാകാതിരിക്കാന്‍ ചീഫ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഉചിതമായ ഉത്തരവുകള്‍ നല്‍കുക. പൊതുപ്രശ്‌നങ്ങള്‍ക്ക് ഉടനടി ഉചിതമായ പരിഹാരങ്ങള്‍ ഉണ്ടാകണം.ആവശ്യമെങ്കില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ സഹായം തേടണം’ -ഉത്തരവില്‍ അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.

ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ചേര്‍ന്നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് ആപ്പ് മന്ത്രി അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാലും ഡല്‍ഹിയിലെ ഒരു പ്രവര്‍ത്തനവും നിലക്കില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ കെജ്രിവാളിന് വോട്ടര്‍മാര്‍ മാത്രമല്ല, കുടുംബാംഗങ്ങളാണ്. കസ്റ്റഡിയിലാണെങ്കിലും ഡല്‍ഹിയിലെ ജനങ്ങളെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും അതിഷി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം വ്യാഴാഴ്ചയാണ് അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിനായി മാര്‍ച്ച് 28 വരെ അദ്ദേഹത്തെ ഇ.ഡി കസ്റ്റഡയില്‍ വിട്ടിരിക്കുകയാണ്. അറസ്റ്റിലായെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. മാ?ത്രമല്ല, ജയിലില്‍ വെച്ചും ഭരണം തുടരുമെന്ന് ആപ്പ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

webdesk13: