ന്യൂഡല്‍ഹി: കാര്‍ മോഷണം പോയ സംഭവത്തെക്കുറിച്ച് പരാതി പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വാഹന പാര്‍ക്കിങ് ചട്ടങ്ങളെക്കുറിച്ച് ക്ലാസെടുത്ത് ഗവര്‍ണര്‍ അനില്‍ ബൈജാള്‍. പാര്‍ക്കിങ് പിഴവാണ് മോഷണത്തിന് കാരണമായതെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ക്കിങിനായി അനുവദിച്ച സ്ഥലത്തായിരുന്നില്ല കെജരിവാളിന്റെ കാര്‍ പാര്‍ക്ക് ചെയ്തതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും അനില്‍ ബൈജാള്‍ കുറ്റപ്പെടുത്തി.
കെജരിവാളിന്റെ നീല വാഗണറാണ് കഴിഞ്ഞ ദിവസം കാണാതായത്. ഗാസിയാബാദില്‍ നിന്ന് വാഹനം കണ്ടെടുത്തെങ്കിലും വാഹന മോഷണം സംബന്ധിച്ച് അദ്ദേഹം ഗവര്‍ണര്‍ക്ക് കത്തെഴുതുകയായിരുന്നു. ദേശീയ തലസ്ഥാനത്ത് ക്രമസമാധാനം താറുമാറായിരിക്കുകയാണെന്നും പൊലീസും നിയമവും ഗവര്‍ണര്‍ക്കു കീഴിലാണെന്നും കെജരിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു മറുപടിയായാണ് നിയമങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ക്ലാസെടുത്തത്.