ഡല്‍ഹി: ഡല്‍ഹിയിലുടനീളം ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലങ്കില്‍ വലിയ ദുരന്തമുണ്ടാകുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിലവിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോവിഡ് ബാധിതരായ രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഡല്‍ഹിയിലെ നിരവധി സ്വകാര്യ ആശുപത്രികള്‍ പെടാപ്പാടുപ്പെടുകയാണ്. നിരവധിപ്പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യവുമുണ്ടായി ഈ സന്ദര്‍ഭത്തിലാണ് കെജ്‌രിവാള്‍ വികാരാധീനനായി പ്രധാനമന്ത്രിയോട് സംസാരിച്ചത്.
‘ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഓക്‌സിജന്‍ ക്ഷാമമുണ്ട്. ഡല്‍ഹിയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റില്ലെങ്കില്‍ ഇവിടുള്ളവര്‍ക്ക് ഓക്‌സിജന്‍ ലഭിക്കില്ലേ’, പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു.
‘ഓക്‌സിജന്റെ അഭാവം മൂലം ഡല്‍ഹിയിലെ ആശുപത്രിയിലെ ഒരു രോഗി മരിക്കാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി നിര്‍ദ്ദേശിക്കുക? ആളുകളെ ഇങ്ങനെ മരണത്തിന് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, അല്ലാത്തപക്ഷം വലിയ ദുരന്തമാണ് ഡല്‍ഹിയില്‍ ഉണ്ടാവാന്‍ പോകുന്നത്’, അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങള്‍ ഡല്‍ഹിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടഞ്ഞതായും കെജ്‌രിവാള്‍ ആരോപിച്ചു. ട്രക്കുകള്‍ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് സംസാരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു.
അതേസമയം പ്രധാനമന്ത്രിയുടെ യോഗം പരസ്യമാക്കിയതില്‍ കെജ്രിവാളിനെ പ്രധാനമന്ത്രി വിമര്‍ശിച്ചു. കോവിഡ് യോഗത്തിലെ സംഭാഷണം പരസ്യമാക്കിയത് മര്യാദക്കേടായെന്നും. ഔദ്യോഗിക യോഗം പരസ്യപ്പെടുത്തുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും യോഗങ്ങളില്‍ പാലിക്കേണ്ട മര്യാദ പാലിക്കണമെന്നും മോദി പറഞ്ഞു. ഡല്‍ഹി കൃത്യമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.