X
    Categories: MoreViews

കീഴാറ്റൂര്‍ സമരം: വയല്‍ക്കിളികള്‍ക്കൊപ്പം നിന്ന 11 പേരെ സി.പി.എം പുറത്താക്കി

തളിപ്പറമ്പ്: കീഴാറ്റൂരില്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 11 പേരെ സി.പി.എം പുറത്താക്കി. വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈപ്പാസിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തവരെയാണ് പുറത്താക്കിയത്. ചുടല-കുറ്റിക്കോല്‍ ബൈപ്പാസ് വിഷയത്തില്‍ സി.പി.എം മേല്‍ഘടകങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. ഇതിന് ചുക്കാന്‍ പിടിച്ച 11 ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളെയാണ് സി.പി.എം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കീഴാറ്റൂര്‍ വടക്ക്, സെന്‍ട്രല്‍ ബ്രാഞ്ചുകളിലെ അംഗങ്ങളാണ് നടപടി നേരിട്ടത്. സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റിയിലെ 15 ല്‍ 9 പേരും വടക്ക് ബ്രാഞ്ച് കമ്മിറ്റിയിലെ 11 ല്‍ 2 പേരും സമരത്തിനൊപ്പമായിരുന്നു. ഇവരോട് സി.പി.എം പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.

തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ സെന്‍ട്രല്‍ ബ്രാഞ്ചില്‍ നിന്നും ബി.ഗോവിന്ദനും വടക്ക് ബ്രാഞ്ചില്‍ നിന്നും പി.ബാലകൃഷ്ണനും ഒഴികെ മറ്റാരും വിശദീകരണം നല്‍കിയില്ല. ഇതോടെയാണ് പാര്‍ട്ടി നടപടി തീരുമാനിച്ചത്. അതേ സമയം ഗോവിന്ദന്റെയും ബാലകൃഷ്ണന്റെയും നടപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് അവരുള്‍പ്പെടെ 11 പേരെയും പുറത്താക്കുകയായിരുന്നു. കീഴാറ്റൂര്‍ സെന്‍ട്രല്‍ ബ്രാഞ്ചില്‍ ഗോവിന്ദന് പുറമെ സി.ശശിധരന്‍, ഇ.ബിജു, കെ.രതീഷ്, കെ.രാമകൃഷ്ണന്‍, ബൈജു, ടി.പി.രാഹുല്‍, പി.പ്രസന്നന്‍, എന്‍.ബാലന്‍ എന്നിവരെയും വടക്ക് ബ്രാഞ്ചില്‍ നിന്നും പി.ബാലകൃഷ്ണനെയും ലാലു പ്രസാദിനെയുമാണ് പുറത്താക്കിയത്. മിനിഞ്ഞാന്ന് രാത്രി നടന്ന കീഴാറ്റൂര്‍ സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും ഇന്നലെ രാത്രി നടന്ന കീഴാറ്റൂര്‍ വടക്ക് ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും പുറത്താക്കല്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിംഗും നടന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ചേര്‍ന്ന സി പി എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി യോഗവും നടപടി ചര്‍ച്ച ചെയ്തു.

chandrika: