കണ്ണൂര്‍: വയല്‍കിളികളുടെ രണ്ടാം ഘട്ട സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കീഴാറ്റൂരില്‍ എത്തിതുടങ്ങി. കേരളം ഉറ്റുനോക്കുന്നു പോരാട്ട വഴിയിലെ അടുത്ത മണിക്കൂറുകള്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍.
‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമാണ് കീഴാറ്റൂരില്‍ എത്തുന്നത്. രണ്ട് മണിയോടെയാണ് തളിപ്പറമ്പില്‍ നിന്ന് വയല്‍കിളികളുടെ നേതൃത്വത്തില്‍ കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്തുക. സമര പന്തല്‍ പുന:സ്ഥാപിച്ച് കൊണ്ടാണ് നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ രണ്ടാം ഘട്ട പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്.
ദായാബായ്, വി.എം സുധീരന്‍, സുരേഷ്‌ഗോപി എം.പി, പി.സി ജോര്‍ജ് എ.എല്‍.എ, പ്രൊഫ.സാറാജോസഫ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാസംസ്‌കാരിക പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. മാര്‍ച്ചിന് വെള്ളിയാഴ്ച വൈകിയാണ് പൊലീസ് അനുമതി നല്‍കിയത്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും മാര്‍ച്ച് കാണാന്‍ പോകരുതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന സംരക്ഷണ സമിതി സമ്മേളനത്തിലാണ് ജയരാജന്‍ നിര്‍ദ്ദേശം നല്‍കിയത്. വയലിലൂടെ ആകാശപാത നിര്‍മ്മിക്കുകയെന്ന നിര്‍ദ്ദേശവും സ്വീകാര്യമല്ലെന്നാണ് വയല്‍കിളികളുടെ നിലപാട്.