തളിപ്പറമ്പ്: തദ്ദേശ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂരില്‍ സിപിഎമ്മിന് എതിരെ വയല്‍ക്കിളികള്‍ക്ക് സ്ഥാനാര്‍ത്ഥി. കീഴാറ്റൂര്‍ സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ പി ലതയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. ലത അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എന്‍ പി രാമചന്ദ്രന് മുമ്പാകെ ഇന്നലെ പത്രിക സമര്‍പ്പിച്ചു.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് അഞ്ഞൂറോളം വോട്ടിന് ജയിച്ച വാര്‍ഡ് കൂടിയാണിത്.
നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത് എന്ന് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. കീഴാറ്റൂര്‍ സമരത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട പ്രവര്‍ത്തകയാണ് പി ലത. കീഴാറ്റൂരില്‍ പൊതുശ്മശാനം നിര്‍മിക്കുന്നതിന് വേണ്ടി നാമമാത്രമായ തുകയ്ക്ക് സ്ഥലം വിട്ടുനല്‍കിയ എം ടി കണ്ണന്റെയും പടിഞ്ഞാറേക്കര ദേവിയുടെയും മകളാണ്.
അണ്ണാമലൈ യൂനിവേഴ്‌സിറ്റി ബിഎ വിദ്യാര്‍ഥിയും ഫുട്‌ബോള്‍ താരവുമായ സഫ്ദര്‍ സുരേഷ്, തളിപ്പറമ്പ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി സാഗര്‍ സുരേഷ് എന്നിവര്‍ മക്കളാണ്. പരമ്പരാഗതമായി കോണ്‍ഗ്രസ് മല്‍സരിക്കുന്ന വാര്‍ഡില്‍ വയല്‍ക്കിളി സ്ഥാനാര്‍ഥിക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.
2018 മാര്‍ച്ച് 14 നാണ് കീഴാറ്റൂരിലെ കര്‍ഷകര്‍, വയല്‍ക്കിളികള്‍ എന്ന പേരില്‍ പ്രത്യക്ഷസമരം ആരംഭിച്ചത്. കീഴാറ്റൂരിലെ വയല്‍ അളക്കുന്നതിനായി ദേശീയപാതാ അധികൃതര്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയായിരുന്നു സമരം ആരംഭിച്ചത്. ഇത് ദേശീയ ശ്രദ്ധ നേടുകയും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിനെത്തുകയുമായിരുന്നു.