തളിപ്പറമ്പ്: ബൈപ്പാസ് വികസനത്തിന്റെ പേരില്‍ വയല്‍നികത്താനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സി.പി.എം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ നടക്കുന്ന സമരം ആളിക്കത്തുന്നു. വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അമ്പതിലധികം വരുന്ന പ്രദേശവാസികള്‍ വയലില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. സമരം അടിച്ചമര്‍ത്താനെത്തിയ നൂറിലധികം വരുന്ന പൊലീസ് സേനക്ക് മുമ്പില്‍ സമരനായകരായ സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകി, സി.മനോഹരന്‍ എന്നിവര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. അതിനിടെ പ്രതിഷേധവും ആത്മഹത്യ ഭീഷണിയും വകവെക്കാതെ റവന്യു ഉേദ്യാഗസ്ഥര്‍ കീഴാറ്റൂര്‍ വയലിന്റെ ഒരു ഭാഗത്ത് നിന്നും ബൈപ്പാസിനായുള്ള സ്ഥലമളന്നു കുറ്റിയടിച്ചു തുടങ്ങി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കണ്ണൂര്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ ഫോണില്‍ വിളിച്ചു ജില്ലാ കലക്ടറോടും അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോടും ആത്മഹത്യാ ഭീഷണി മുഴക്കിയ സമരക്കാരുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും അത് ചെവിക്കൊള്ളാന്‍ പോലും തയ്യാറായില്ല.
പൊരിവെയിലില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍ ശാരീരികമായി തളര്‍ന്ന പ്രവര്‍ത്തകരെ സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങി പൊലീസ് ബലമായി അറസ്റ്റു ചെയ്തു നീക്കി. തൊട്ടു പിന്നാലെ കൂടി നിന്ന സി.പി.എമ്മുകാര്‍ സമരപ്പന്തലിന് തീയിട്ടു. പൊലീസും റവന്യൂ ഉേദ്യാഗസ്ഥരും നോക്കി നില്‍ക്കെയായിരുന്നു തീവെപ്പ്. തുടര്‍ന്ന് സി.പി.എം സഹായത്തോടെ റവന്യൂ വിഭാഗം കീഴാറ്റൂര്‍ വയലിലും സര്‍വ്വേക്കല്ല് സ്ഥാപിച്ച് അളന്നു തിട്ടപ്പെടുത്തി. ഒരു വര്‍ഷത്തോളം നീണ്ട വയല്‍ക്കിളികളുടെ പ്രതിഷേധത്തിനും ഒരു മാസത്തിലധികമായി നടത്തിവന്ന വയല്‍കാവല്‍ സമരത്തിനും ശേഷമാണ് പൊലീസ് രാജ് ഉപയോഗിച്ച് സര്‍വ്വേക്കല്ല് സ്ഥാപിച്ചത്. ബംഗാളിലെ സിംഗൂരിനും നന്ദിഗ്രാമിനും സമാനമായ രീതിയിലുള്ള സംഭവങ്ങളാണ് കീഴാറ്റൂരിലും അരങ്ങേറിയത്.