കാബിനറ്റ് മന്ത്രിസ്ഥാനം രാജിവെച്ച് രാജസ്ഥാനിലെ ബി.ജെ.പി നേതാവ് കിരോഡി ലാൽ മീണ. ലോക്സഭ തെരഞ്ഞെടുപ്പിൽ തന്‍റെ മേൽനോട്ടത്തിലുണ്ടായിരുന്ന മണ്ഡലങ്ങളിൽ പാർട്ടി മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് നടപടി. 10 ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് മീണ രാജിക്കത്ത് സമർപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്‍റെ മേൽനോട്ടത്തിലുള്ള ഏഴിൽ ഏതെങ്കിലും മണ്ഡലത്തിൽ ബി.ജെ.പി പരാജയപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് മീണ നേരത്തെ വ്യക്തമാക്കിയിരുന്നു. മീണയുടെ ജന്മനാടായ ദൗസ ഉൾപ്പെടെ സീറ്റുകൾ ഇക്കുറി ബി.ജെ.പി തിരിച്ചടി നേരിട്ടിരുന്നു.
അതേസമയം 2009നുശേഷം കോൺഗ്രസിന്റെ മികച്ച പ്രകടനമായിരുന്നു രാജസ്ഥാനിൽ കണ്ടത്. പ്രചാരണ തന്ത്രങ്ങളിൽ കാലോചിതമായ മാറ്റം വരുത്തിയും ആഭ്യന്തര വിഷയങ്ങളെ കൃത്യമായി അഭിസംബോധന ചെയ്തതും സംസ്ഥാനത്ത് കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. 25 സീറ്റിൽ എട്ട് സീറ്റാണ് കോൺഗ്രസ് നേടിയത്. ബി.ജെ.പി കോട്ടയായിരുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് മികച്ച പ്രകചനം കാഴ്ചവെച്ചതും പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.