X

കീം 2024 : ഏപ്രിൽ 17 വരെ അപേക്ഷിക്കാം

കേരള എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ മേഖലകളിലെ ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് (KEAM 2024) അപേക്ഷാ സമർപ്പണം ആരംഭിച്ചു. എല്ലാ കോഴ്സുകൾക്കും ഒറ്റ അപേക്ഷ മതി.
അപേക്ഷയുടെയോ രേഖകളുടെയോ പകർപ്പ് പ്രവേശന കാര്യാലയത്തിലേയ്ക്ക് അയക്കേണ്ടതില്ല. വിശദാംശങ്ങളടങ്ങിയ പ്രോസ്പെക്റ്റസ് www.cee.kerala.gov.in ൽ ലഭ്യമാണ്.

കോഴ്സുകൾ

മെഡിക്കൽ : എം.ബി.ബി.എസ് , ബി.ഡി.എസ്, ബി.എച്ച്. എം.എസ് ഹോമിയോ) ,ബി.എ.എം എസ് (ആയുർവേദ ), ബി.എസ്.എം എസ് ‘.(സിദ്ധ), ബി.യു.എം.എസ് (യുനാനി) ) ,
മെഡിക്കൽ അനുബന്ധം : ബി.എസ് സി (ഓണേഴ്സ് ) അഗ്രികൾച്ചർ, ബി.എസ് സി (ഓണേഴ്സ് ) ഫോറസ്ട്രി, ബി.എസ് സി (ഓണേഴ്സ് ) കോ- ഓപ്പറേഷൻ & ബാങ്കിംഗ്, ബി.എസ് സി (ഓണേഴ്സ് ) ക്ലൈമറ്റ് ചേഞ്ച് & എൻവിയോൺമെൻ്റൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (കാർഷിക സർവ്വകലാശാലയിൽ),
ബി.വി.എസ് സി & എ.എച്ച് (വെറ്ററിനറി ) , ബി.എഫ്.എസ് സി (ഫിഷറീസ് ) ,
എൻജിനിയറിങ് : എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി,
കേരള കാർഷിക,വെറ്റിനറി & ആനിമൽ സയൻസസ്,
ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് സർവ്വകലാശാലകളിലെ ബി.ടെക് പ്രോഗ്രാമുകൾ ,
ബി.ആർക്ക് (ആർക്കിടെക്ചർ),
ബി.ഫാം (ഫാർമസി)

പരീക്ഷ എഞ്ചിനീയറിംഗ്/ഫാർമസിക്ക് മാത്രം

എൻജിനീയറിങ്,ഫാർമസി പ്രവേശനങ്ങൾക്ക് മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണർ പരീക്ഷ നടത്തുകയുള്ളൂ.
മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനം നീറ്റ് യു.ജി 2024 സ്കോറടിസ്ഥാനത്തിലാണ്. ആർക്കിടെക്ച്ചർ പ്രവേശനം നാറ്റാ (NATA) സ്കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും തുല്യാനുപാതത്തിൽ പരിഗണിച്ചാണ് . എങ്കിലും കേരളത്തിലെ പ്രവേശനത്തിന് പരിഗണിക്കപ്പെടണമെങ്കിൽ എല്ലാ സ്ട്രീമുകാരും ‘കീം’ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.അപേക്ഷയിൽ പരിഗണിക്കപ്പെടേണ്ട സ്ട്രീമുകൾ വ്യക്തമാക്ക ണം.എഞ്ചിനീയറിംഗിലെ ബ്രാഞ്ചുകൾ, മെഡിക്കൽ, മെഡിക്കൽ അനു ബന്ധ മേഖലകളിലെ വിവിധ പ്രോഗ്രാമുകൾ എന്നിവ അപേക്ഷിക്കുമ്പോൾ തിരഞ്ഞെടുക്കേണ്ടതില്ല.

ഓൺലൈൻ പരീക്ഷ

കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലാണ് ഇത്തവണ പരീക്ഷ .ജൂൺ 1 മുതൽ 9 വരെയാണ് പരീക്ഷ. ജൂൺ 4 ന് പരീക്ഷയില്ല. ജൂൺ 8,9 റിസർവ് ദിനങ്ങളാണ്. മെയ് 20 മുതൽ അഡ്മിറ്റ് കാർഡ് ലഭ്യമാകും.കേരളത്തിൽ എല്ലാ ജില്ലകളിലും ന്യൂഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലും പരീക്ഷയെഴുതാം
150 ചോദ്യങ്ങളടങ്ങിയ മൂന്ന് മണിക്കൂർ പരീക്ഷ. ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ .
മാത്തമാറ്റികസിൽ 75, ഫിസിക്സിൽ 45,കെമിസ്ട്രിയിൽ 30 വീതം ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്, ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും .
ഫിസിക്സ്,കെമിസ്ട്രി, ‘ പേപ്പറുകളിൽ ലഭിക്കുന്ന സ്കോറാണ് ഫാർമസി കോഴ്സ് (ബി.ഫാം) പ്രവേശനത്തിനു പരിഗണിക്കുക.
ഫാർമസിക്ക് മാത്രമായി അപേക്ഷിക്കുന്നവർ 75 ചോദ്യങ്ങളടങ്ങിയ ഒന്നരമണിക്കൂർ പരീക്ഷയെഴുതിയാൽ മതി.
ഓരോ സെഷനിലും
വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിക്കുന്നതിനാൽ നോർമലൈസേഷൻ തത്ത്വം നടപ്പാക്കിയായിരിക്കും സ്കോർ കണക്കാക്കുക.
പ്ലസ് ടുവിൽ ഫിസിക്സ്,കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലഭിച്ച മാർക്കിനും പ്രവേശന പരീക്ഷയിൽ ലഭിച്ച
മാർക്കിനും തുല്യ പരിഗണന നൽകിയാണ് എഞ്ചിനീയറിംഗ് റാങ്ക് പട്ടിക തയ്യാറാക്കുക.

യോഗ്യത

അപേക്ഷകന് 2024 ഡിസംബർ 31 ന് 17 വയസ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായ പരിധിയില്ല .
മെഡിക്കൽ,മെഡിക്കൽ അനുബന്ധ
കോഴ്സുകളുടെ പ്രവേശനത്തിന് ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നിവയിൽ മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ് ടു
ജയിച്ചിരിയ്ക്കണം
എന്നതാണ് പൊതുവായ യോഗ്യത .
വിവിധ കോഴ്സുകൾക്കനുസരിച്ചുള്ള അധിക യോഗ്യതകൾ പ്രോസ്പെക്ടസിൽ വിശദമാക്കിയിട്ടുണ്ട്.
എൻജിനീയറിംഗ് പ്രവേശനത്തിന് മാത്തമാറ്റിക്സ്,ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിയ്ക്കണം.
പ്ലസ് ടുവിൽ കെമിസ്ട്രി പഠിച്ചില്ലെങ്കിൽ കമ്പ്യൂട്ടർ സയൻസും ഇവ രണ്ടും പഠിച്ചില്ലെങ്കിൽ ബയോടെക്നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.
ബി.ഫാം പ്രവേശനത്തിന് ഇംഗ്ലീഷ്,ഫിസിക്സ്,കെമിസ്ട്രി,മാത്തമാറ്റിക്സ് /ബയോളജി പഠിച്ച് പ്ലസ് ടു ജയിച്ചിരിയ്ക്കണം. ബി.ആർക്ക് പ്രവേശനത്തിന് മാത്തമാറ്റിക്സ്, ഫിസിക്സ്,കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിയ്ക്കണം. മാത്തമാറ്റിക്സ് ഉൾപ്പെട്ട മൂന്ന് വർഷ ഡിപ്ലോമയിൽ മൊത്തം 50 ശതമാനം മാർക്ക് നേടിയാലും മതി.

അപേക്ഷ

www.cee.kerala.gov.in വഴി ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ അപേക്ഷ സമർപ്പിക്കാം.
രജിസ്ട്രേഷൻ, അപേക്ഷ പൂരിപ്പിക്കൽ,ഫീസ് അടയ്ക്കൽ, ഇമേജ് /
സർട്ടിഫിക്കറ്റ് അപ്‌ലോഡിംഗ്, അക്നോളഡ്ജ്മെൻറ് പ്രിൻറിംഗ് എന്നിവയാണ് അപേക്ഷയുടെ വിവിധ ഘട്ടങ്ങൾ. അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും വിദ്യാർത്ഥിയുടെയോ രക്ഷിതാക്കളുടെയോ ആയിരിക്കണം.
അപേക്ഷാ ഫീസ് ഓൺലൈനായാണ് അടക്കേണ്ടത് .
എഞ്ചിനീയറിംഗും ഫാർമസിയും ചേർത്തോ ഒറ്റയായോ 875 രൂപ, ആർക്കിടെക്ചർ,മെഡിക്കൽ & അലൈഡ് എന്നിവ ചേർത്തോ ഒറ്റയായോ 625 രൂപ, എല്ലാ കോഴ്സുകളും ചേർത്ത് 1125 രൂപ.
പട്ടികജാതി വിഭാഗക്കാർക്ക് ഇത് യഥാക്രമം 375, 250,500 രൂപ മതി. പട്ടികവർഗ വിഭാഗക്കാർക്ക് ഫീസില്ല.
ദുബായിയിൽ പരീക്ഷയെഴുതാൻ 15000 രൂപ അധികമായി അടക്കേണ്ടി വരും.

നൽകേണ്ട രേഖകൾ

അപേക്ഷകൻ്റെ പാസ്പോർട്ട് സൈസ് ഫോട്ടോ,ഒപ്പ് (jpg/jpeg ഫോർമാറ്റിൽ),
എസ്.എസ്.എൽ.സി/തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ
എന്നിവ നിർബന്ധമായും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
എന്നാൽ സംവരണമുൾപ്പടെ
വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരമുണ്ട്. സംവരണത്തിന് യോഗ്യരല്ലാത്തവരും ഫീസാനുകൂല്യം, സ്കോളർഷിപ്പ് എന്നിവ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകണം.അപേക്ഷയിൽ /രേഖകളിൽ വല്ല ന്യൂനതകളുണ്ടോ എന്നറിയാനായി
ഇടയ്ക്കിടെ കാൻഡിഡേറ്റ് പോർട്ടൽ / ഹോം പേജ് സന്ദർശിക്കേണ്ടതാണ്.

webdesk13: