കോഴിക്കോട് : സംസ്ഥാന സർക്കാറിൻ്റെ പിന്നോക്ക വിഭാഗ വികസന വകുപ്പ് പുതുതായി നടപ്പാക്കുന്ന ‘കെടാവിളക്ക് ‘സ്കോളർഷിപ്പ് പദ്ധതിയിൽ ന്യൂനപക്ഷ സമുദായങ്ങളെ പൂർണ്ണമായും ഉൾപ്പെടാത്തത് അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്കാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതികൾ വലിയ ആശ്വാസമാവാറുണ്ട്. എന്നാൽ ആനുകൂല്യത്തിന് അപേക്ഷിക്കാവുന്ന 47 വിഭാഗങ്ങളുടെ പട്ടിക വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതികളിൽ സാധാരണയായി മറ്റു പിന്നോക്ക വിഭാഗങ്ങൾ (ഒ.ബി.സി) എന്നതിൽ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്താറുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ അതേ പാത തന്നെയാണ് ‘കെടാവിളക്ക് ‘പദ്ധതിയിൽ പിണറായി സർക്കാറും സ്വീകരിച്ചത്. സർക്കാർ ഇറക്കിയ ഉത്തരവിൽ ആവശ്യമായ മാറ്റം വരുത്തി പദ്ധതി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഉപകരിക്കുന്ന തലത്തിലാക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് അറിയിച്ചു.