ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. മോദിയുടെ ക്ഷേത്ര സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു നടപടിയും കൈകൊണ്ടില്ലെന്നും കുറ്റപ്പെടുത്തുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ ആണ് കമ്മീഷനില്‍ പരാതി നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്നു അവസാനിക്കാനിരിക്കെ, കഴിഞ്ഞ രണ്ടു ദിവസമായി ദേശീയവും പ്രാദേശികവുമായ ടെലിവിഷന്‍ ചാനലുകള്‍ വ്യാപകമായ പ്രചാരണമാണ് മോദിയുടെ കേദാര്‍നാഥ് യാത്രക്ക് നല്‍കിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. വോട്ടര്‍മാരെ ആകര്‍ഷിക്കും വിധം വളരെ ആസൂത്രിതമായും ദുരുദ്ദേശ്യപരമായും നടത്തിയ നീക്കമാണിതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
‘ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടാനുള്ള ആസൂത്രിത പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പൊതുജനവും മാധ്യമങ്ങളും അതേറ്റെടുത്തു. സന്ദര്‍ശനവേളയിലെ അദ്ദേഹത്തിന്റെ ഓരോ മിനിറ്റിലെയും നീക്കങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിച്ചു. ഇത് വോട്ടര്‍മാരെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാന്‍ പോന്ന ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമാണ്-തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
‘ജനാധിപത്യത്തിന്റെ കണ്ണും ചെവിയുമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ നഗ്നമായ പെരുമാറ്റച്ചട്ടങ്ങള്‍ ഉണ്ടായിട്ടും കാണാത്തതു പോലെ നടിക്കുകയാണ്. കാപട്യം നിറഞ്ഞ ഈ തരം ടെലിവിഷന്‍ സംപ്രേഷണം അവസാനിപ്പിച്ച് ഇതിനെതിരെ നടപടിയുണ്ടാകണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്’-തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ പറഞ്ഞു.