കോഴിക്കോട്: വൃക്ക രോഗവുമായി പടവെട്ടുന്ന കെ.എസ്.യു നേതാവിന് ചികിത്സാസഹായമഭ്യര്‍ത്ഥിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. എം.പി എന്ന നിലയില്‍ അവസാനമായി കിട്ടുന്ന ശമ്പളം റാഫിയുടെ ചികിത്സക്കായി നല്‍കുമെന്നും റാഫിയെ രക്ഷിക്കാന്‍ എല്ലാവരും സഹായം നല്‍കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കായംകുളം സ്വദേശിയായ റാഫിയുടെ ചികിത്സക്ക് വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയും ചികിത്സാ സഹായം നല്‍കിയിരുന്നു. നിലവില്‍ വൃക്കദാനം ചെയ്യാന്‍ മൂന്നുപേര്‍ എത്തിയിരുന്നെങ്കിലും അത് മാച്ച് ചെയ്യാതെ പോവുകയായിരുന്നു. ചികിത്സക്ക് ഭാരിച്ച ചെലവ് വരുമെന്നതിനാല്‍ അത് കണ്ടെത്താന്‍ കായംകുളത്തെ കെ എസ് യു, കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ശ്രമിക്കുകയാണ്. ഇതിനോടൊപ്പം എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എം പി എന്ന ചുമതലയില്‍ ഇന്ന് അവസാനദിവസമാണ്. 2009 ല്‍ ആദ്യമായി മത്സരിക്കാനെത്തിയപ്പോള്‍ മണ്ഡലത്തിലെ ജനങ്ങളോട് നല്‍കിയ ഒരുവാക്കുണ്ട്. നിങ്ങളുടെ സുഖദുഃഖങ്ങളില്‍ ഞാനും എന്നും ഒപ്പമുണ്ടാകുമെന്ന്.ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അതിനോട് ഏറെക്കുറെ നീതിപുലര്‍ത്താനായി എന്നാണ് വിശ്വാസം. തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടവും പൂര്‍ത്തിയായി തിരക്കുകള്‍ ഒഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ കുഞ്ഞനുജന്‍ കെ എസ് യുവിന്റെ കായംകുളത്തെ ചുണക്കുട്ടനായ റാഫിയുടെ രോഗവിവരത്തെകുറിച്ചറിയുന്നത്. വിദ്യാര്‍ത്ഥിയായ റാഫിയുടെ ജീവിതസാഹചര്യങ്ങളും നിര്‍ധനവസ്ഥയുമെല്ലാം മാധ്യമങ്ങളിലൂടെയും നേരിട്ടുമൊക്കെ എല്ലാവര്‍ക്കുമറിയാം എന്നാണ് മനസിലാക്കുന്നത്. ചെറുപ്പത്തിലേ അച്ഛന്‍ ഉപേക്ഷിച്ചുപോയി . ഉമ്മ വീട്ടുജോലിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ടാണ് അവന്‍ ജീവിക്കുന്നത്. ചെങ്ങന്നൂര്‍ ഗവ ഐ ടി ഐയില്‍ പഠിച്ചിരുന്ന കാലത്തേ പഠനത്തോടൊപ്പം മികച്ച വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന റാഫി കിഡ്‌നിക്ക് തകരാറുണ്ടായിരുന്നെന്നറിയാമായിരുന്നെങ്കിലും അതൊന്നും വകവെക്കാതെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വരെ വളരെ സജീവമായിരുന്നു എന്നാണ് കായംകുളത്തെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ജീവിതത്തില്‍ പിച്ചവെച്ചു തുടങ്ങിയ ഈ പ്രായത്തില്‍ അവനെ ഈ രോഗത്തിന് വിട്ടുകൊടുക്കരുത്. ഒറ്റയ്ക്ക് ഇക്കാലമത്രയൂം ദുരിതങ്ങള്‍ സഹിച്ചു അവനെ പോറ്റിവളര്‍ത്തിയ അമ്മയ്ക്കും പിന്നെ ഈ നാടിനും ആ ചെറുപ്പക്കാരനെ വേണം.വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി രണ്ടുമൂന്നു പേര്‍ മുന്നോട്ടു വന്നെങ്കിലും അത് മാച്ച് ചെയ്യുന്നില്ല എന്നാണ് അറിഞ്ഞത്. ചികിത്സക്ക് ഭാരിച്ച ചെലവ് വരുമെന്നതിനാല്‍ അത് കണ്ടെത്താന്‍ കായംകുളത്തെ കെ എസ് യു, കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ശ്രമിക്കുകയാണ്, അതിനൊപ്പം എസ് എഫ് ഐ യും ചേര്‍ന്ന് കാരുണ്യ ഹസ്തം നീട്ടിയെന്ന വാര്‍ത്ത മലയാള മനോരമയില്‍ കണ്ടു. റാഫിയെ രക്ഷിക്കാന്‍ നമ്മുക്കെല്ലാം കഴിയുന്ന സഹായങ്ങള്‍ ചെയ്യാം. എം പി എന്ന നിലയില്‍ ലഭിക്കുന്ന അവസാന ശമ്പളം റാഫിക്കു നല്‍കും. ചികിത്സക്ക് വേണ്ട സാഹചര്യം ഒരുക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യാം എന്ന് റാഫിയോടു പറഞ്ഞിട്ടുണ്ട്. ഇതുവായിക്കുന്നവര്‍ കഴിയുന്ന പോലെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ സന്നദ്ധരാവണമെന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു.
വിശദാംശങ്ങള്‍ :
Muhammed Rafi, Federal Bank,
Kayamkulam Branch, Account No:
10540100300824, IFSC: FDRL0001054.