ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ നീക്കമാണ് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെ.ഡി.എസുമായി ധാരണയുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് ഫലത്തിനു മുമ്പു തന്നെ രാഹുല്‍ഗാന്ധി തീരുമാനിച്ചിരുന്നുവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുഫലം പുരത്തു വരുന്നതിനു മുമ്പു തന്നെ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ നീക്കങ്ങള്‍ രാഹുല്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. വോട്ടെണ്ണല്‍ ദിവസം തന്നെ ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ രാഹുല്‍ തീരുമാനിച്ചു.
ദേവഗൗഡയുമായി സംസാരിച്ച് സോണിയാ ഗാന്ധി സഖ്യത്തിനുള്ള ധാരണയുണ്ടാക്കിയതായി കെ.സി വേണുഗോപാല്‍ പറഞ്ഞു. ഭരണഘടനയെപോലും മാനിക്കാത്ത നടപടിയാണ് ബി.ജെ.പിയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരവും പണവും ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. 100 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്താണ് എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ബി.ജെ.പി ശ്രമിച്ചത്. എന്നാല്‍ ഇന്നലെ കര്‍ണാടകയില്‍ ജനാധിപത്യത്തിന്റെ വിജയമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. എം.എല്‍.എമാര്‍ക്കൊപ്പെ ബസ്സിലായിരുന്നു മുഴുവന്‍ സമയമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ബി.ജെ.പിയുടെ കുതിരക്കച്ചവടം പൊളിക്കുന്നതിന് റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരുടെ മൊബൈലില്‍ പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതും രാഹുലിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ബി.ജെ.പിയുടെ ഓരോ നീക്കവും മുന്നില്‍ കണ്ടാണ് രാഹുല്‍ തന്ത്രങ്ങള്‍ മെനഞ്ഞതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.