X

‘കര്‍ണ്ണാടകയില്‍ പത്ത് കോടി വീതം എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തു’: യെദ്യൂരപ്പക്കെതിരേ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രിയും കര്‍ണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ ബി.എസ് യെദ്യൂരപ്പക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്ക് പത്ത് കോടി രൂപ വീതം നല്‍കാമെന്ന് യെദ്യൂരപ്പ വാഗ്ദാനം ചെയ്‌തെന്നും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമുള്ള ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.

കോണ്‍ഗ്രസിന്റെ പതിനെട്ട് എംഎല്‍എ മാര്‍ക്കുമായി 200 കോടി വാഗ്ദാനം ചെയ്തതുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. ‘കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് കേട്ട വാര്‍ത്ത രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. യെദ്യൂരപ്പ കോണ്‍ഗ്രസ് എം എല്‍ എമാരെ കോടികള്‍ നല്‍കി വിലപേശുന്ന ശബ്ദരേഖ കര്‍ണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കര്‍ണാടകയില്‍ ഇപ്പോള്‍ യെദ്യൂരപ്പ നടത്തുന്നത് മോദിയുടേയും അമിത് ഷായുടേയും ചീഞ്ഞ രാഷ്ട്രീയമാണ്.- കെ.സി വേണുഗോപാല്‍ പറഞ്ഞു.

കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഭരണം തുടരും. സര്‍ക്കാരിന് യാതൊന്നും സംഭവിക്കില്ല. എം.എല്‍.എമാര്‍ക്ക് കോടികളാണ് യെദ്യൂരപ്പ വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ വിവിധ എം.എല്‍.എമാര്‍ക്ക് ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും 12 എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിരുന്നുവെന്നും മോദി ഇതിന് ഉത്തരം പറയണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

chandrika: