X

അധികാരസ്ഥാനങ്ങള്‍ കടിച്ചുതൂങ്ങാനുള്ളതല്ലെന്ന സന്ദേശം നല്‍കുന്ന രാജിയെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനം മാതൃകാപരമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അധികാരസ്ഥാനങ്ങള്‍ കടിച്ചു തൂങ്ങാന്‍ ഉള്ളതല്ലെന്ന സന്ദേശം കൂടി നല്‍കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ രാജി. അധികം വൈകാതെ തന്നെ പാര്‍ട്ടി പ്രവര്‍ത്തക സമിതിയും ഉടച്ചു വാര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ വലിയ തോതില്‍ മാറ്റങ്ങള്‍ കൊണ്ടു വരും. കേരളത്തിന്റെ കാര്യം ഇപ്പോള്‍ പറയുന്നില്ല. പ്രവര്‍ത്തക സമിതി ഉടന്‍ വിളിച്ചുചേര്‍ത്ത് പാര്‍ട്ടിക്ക് പുത്തനുണര്‍വ് കൊണ്ടു വരികയാണ് ലക്ഷ്യമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുള്ള രാജിക്കത്ത് നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ സമ്പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തായിരുന്നു രാഹുലിന്റെ രാജി. ആരോടും ഒരു വിദ്വേഷവുമില്ലെന്നും ഇത്ര കാലം പാര്‍ട്ടിയെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ബി.ജെ.പിക്കെതിരായ പോരാട്ടം പതിന്മടങ്ങ് കരുത്തോടെ തുടരുമെന്ന് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇന്ത്യ എന്ന ആശയത്തെ തന്നെ അപ്പാടെ നിരാകരിക്കുന്നതാണ് ബി.ജെ.പിയുടെ ആശയ സംഹിത. ഭരണഘടനക്കു മേലെയുള്ള കടന്നു കയറ്റം രാജ്യത്തിന്റെ തനതുഘടനയെ തന്നെ ഇല്ലാതാക്കുന്നതാണ്. അതിനാല്‍ ബി.ജെ.പിക്കെതിരെ പോരാടാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

web desk 1: