തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. തനിക്കെതിരെ ഉയരുന്ന വിമര്‍ശനം കാര്യം അറിയാതെയാണെന്നും ഇന്നു ഞാന്‍ നാളെ നീ ആണ് എന്ന കാര്യം അംഗങ്ങള്‍ മനസ്സിലാക്കണമെന്നും ഗണേഷ്‌കുമാര്‍ നിയമസഭയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് തന്നോട് വിരോധമുണ്ടെന്നും അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അനില്‍ അക്കര എം.എല്‍.എയാണ് വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. എന്തും ചെയ്യാനുള്ള അധികാരം എം.എല്‍.എമാര്‍ക്കുണ്ടോയെന്നും വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്നുമായിരുന്നു എം.എല്‍.എയുടെ ചോദ്യം. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മറുപടി നല്‍കിയത്.
വിഷയത്തില്‍ അഞ്ചല്‍ സി.ഐയെ സ്ഥലംമാറ്റിയിട്ടുണ്ടെന്നും കേസന്വേഷണത്തിന്റെ ചുമതല മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ട് ബഹളം വെച്ചു.
ഇതോടെയാണ് തനിക്ക് പറയാനുണ്ട് എന്ന് പറഞ്ഞ് ഗണേഷ്‌കുമാര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റത്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ ബൈബിളിലെ സങ്കീര്‍ത്തനം അഞ്ച് മുതല്‍ 15 വരെ വായിക്കണമെന്നും ഇന്നു ഞാന്‍ നാളെ നീ എന്ന വചനം ഓര്‍ക്കണമെന്നുമായിരുന്നു ഗണേഷിന്റെ വാക്കുകള്‍. തനിക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിയും. അപ്പോള്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവര്‍ തിരുത്താന്‍ തയ്യാറാകണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.