കൊച്ചി: കേരളത്തില്‍ പ്രളയദുരന്തമുണ്ടായപ്പോള്‍ യുവനടന്‍മാര്‍ ആരും സഹായിച്ചില്ലെന്ന് എം.എല്‍.എയും നടനുമായ കെ.ബി ഗണേഷ്‌കുമാര്‍. മലയാളത്തിലെ യുവതാരങ്ങള്‍ ഓരോ സിനിമക്കും കോടികള്‍ പ്രതിഫലം വാങ്ങുന്നവരാണെന്നും കേരളത്തിനൊരു ദുരിതം വന്നപ്പോള്‍ അവരാരും സഹായിച്ചില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നല്ല മനസ്സുള്ളവര്‍ എല്ലായിടത്തുമുണ്ട്. സിനിമാപ്രവര്‍ത്തകരെ നോക്കാം, കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന പല ആളുകളേയും ദുരിതം വന്നപ്പോള്‍ കാണാനില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു പൈസ കൊടുത്തതുമില്ല. ഒരു സിനിമക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം പറ്റുന്ന മലയാളത്തിലെ ചില നടന്‍മാര്‍, ചില യുവനടന്‍മാര്‍ അവരെയൊന്നും കാണാനേയില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
വെറും അഞ്ചു ദിവസത്തേക്ക് 35ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ഹാസ്യനടന്‍മാരുണ്ട്. ഒരു കടയുടെ ഉദ്ഘാടനത്തിന് 30 ലക്ഷം വാങ്ങുന്ന താരങ്ങളുണ്ട്. അവരെയൊന്നും എവിടേയും കണ്ടില്ല. കോടിക്കണക്കിന് രൂപ വാങ്ങുന്നവര്‍ ഫെയ്‌സ്ബുക്കില്‍ എഴുതാനും പ്രസ്താവനകൊടുക്കാനും മാത്രം തയ്യാറാവുമ്പോള്‍ താനതില്‍ പ്രതിഷേധിക്കുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.