X

കസഖ്‌സ്താനിൽ വധശിക്ഷ നിർത്തലാക്കി; പകരം ജീവപര്യന്തം

കസഖ്‌സ്താന്‍ പ്രസിഡന്റ് കാസിം ജോമാർട് തൊകായേവ്

മധ്യേഷ്യൻ രാജ്യമായ കസഖ്‌സ്താനിൽ വധശിക്ഷ നിർത്തലാക്കി പ്രസിഡന്റ് കാസിം ജോമാർട് തൊകായേവ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് പാർലമെന്റ് അംഗീരിച്ച ബില്ലിൽ പ്രസിഡന്റ് ഒപ്പുവെച്ചു. വധശിക്ഷക്കു പകരം ജീവപര്യന്തം തടവായിരിക്കും പരമാവധി ശിക്ഷയായി നൽകുക. ഇരുപത് വർഷത്തോളം വധശിക്ഷകൾ മരവിപ്പിച്ച് നിർത്തിയതിന് ശേഷമാണ് പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്. 2016ൽ എട്ട് പൊലീസുകാരെയും രണ്ട് സിവിലിയന്മാരെയും വെടിവെച്ചു കൊലപ്പെടുത്തിയ റസ്‌ലൻ കുലെക്ബയേവ് ഉൾപ്പെടെ നിരവധി പേർ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നുണ്ട്.

വധശിക്ഷ റദ്ദാക്കിയതോടെ ഇവരുടെയെല്ലാം ശിക്ഷകൾ ജീവപര്യന്തമാക്കി ചുരുക്കും. നൂറിലേറെ രാജ്യങ്ങൾ വധശിക്ഷ നിയമവ്യവസ്ഥയിൽനിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്. ചുരുക്കം ചില രാജ്യങ്ങൾ യുദ്ധകുറ്റകൃത്യങ്ങൾക്കും അസാധാരണ സാഹചര്യങ്ങളിലും മാത്രം വധശിക്ഷ ഉപയോഗിച്ചാൽ മതിയെന്ന നിലപാടിലാണ്. 51 രാജ്യങ്ങൾ നിരവധി വർഷങ്ങളായി വധശിക്ഷ നടപ്പാക്കാതെ മരവിപ്പിച്ചുനിർത്തിയിരിക്കുകയാണ്. പക്ഷെ, ഇന്ത്യ, അമേരിക്ക, ഇറാൻ, ചൈന, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വധശിക്ഷ നടപ്പാക്കിപ്പോരുന്നുണ്ട്.

zamil: