ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് കവിത കേരളത്തില്‍ എത്തിയത്, അവര്‍ എവിടെയാണ് താമസിച്ചതെന്ന് അന്വേഷിക്കണം; വി.ഡി. സതീശന്‍

മലപ്പുറം: ഡല്‍ഹി മദ്യനയക്കേസില്‍ കുറ്റാരോപിതനായ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ. കവിത കേരളത്തിലും എത്തിയിരുന്നുവെന്നും അവര്‍ എവിടെയാണ് താമസിച്ചതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് കവിത വന്നതും സര്‍ക്കാറുമായി സംസാരിച്ചതും. കേസില്‍ കമ്പനിക്ക് പുറമെ കവിതയും പ്രതിയാണ്. എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനി സ്ഥലം വാങ്ങി, പിന്നീട് അതേ കമ്പനിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ മദ്യനയം മാറ്റിയത്.

മന്ത്രി എം.ബി. രാജേഷ് സംസാരിക്കുന്നത് ഒയാസിസ് കമ്പനിയുടെ വക്താവിനെ പോലെയാണ്. കമ്പനിക്ക് വേണ്ടി കമ്പനിയേക്കാള്‍ വീറോടെ വാദിക്കുന്നത് മന്ത്രിയാണ്. എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് ജി.എസ്.ടി ഇല്ല, എന്നിട്ടും 210 കോടിയുടെ ജി.എസ്.ടി നഷ്ടമെന്ന് മന്ത്രി പറഞ്ഞത് ഏത് വസ്തുതയുടെ അടിസ്ഥാനത്തിലാണ്.

പാലക്കാട് എം.പി ആയിരുന്നപ്പോള്‍ വെള്ളമില്ലാത്തതിനാല്‍ നിരവധി പദ്ധതികള്‍ ഉപേക്ഷിക്കേണ്ടിവന്നെന്ന് പറഞ്ഞ എം.ബി. രാജേഷാണ് 80 ദശലക്ഷം ലിറ്റര്‍ ജലം വേണ്ടി വരുന്ന മദ്യകമ്പനിയുടെ വക്താവായി മാറിയിരിക്കുന്നത്. പ്രതിപക്ഷത്തെയൊ ഘടകകക്ഷികളെയൊ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് സാധിക്കുന്നില്ലെന്നും സതീശന്‍ ആരോപിച്ചു.

എംബി രാജേഷ് ഹാജരാക്കിയ മന്ത്രിസഭായോഗ കുറിപ്പാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നതാണെന്നായിരുന്നു വാദം. അത് രഹസ്യരേഖയാണെന്ന് താന്‍ പറഞ്ഞിട്ടില്ല. വകുപ്പുകളുമായി ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും മാത്രമറിഞ്ഞാണ് കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. പ്ലാന്റ് പൂര്‍ത്തിയാകുമ്പോള്‍ ദിവസം 50 മുതല്‍ 80 ദശലക്ഷം വരെ ലിറ്റര്‍ വെള്ളം വേണ്ടിവരും. ഒരു വര്‍ഷം നന്നായി മഴ പെയ്താലും പരമാവധി 40 ദശലക്ഷം ലിറ്ററാണ് ശേഖരിക്കാന്‍ പറ്റുകയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

 

webdesk18:
whatsapp
line