X

കാവേരി തര്‍ക്കം: ഐ.പി.എല്‍ വേദിയായി കേരളത്തെ പരിഗണിച്ചേക്കും

കൊച്ചി: തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള കാവേരി നദീജല തര്‍ക്കം ഐ.പി.എല്‍ മത്സരങ്ങളെ ബാധിച്ചേക്കുമെന്നതിനാല്‍ മത്സരവേദിയായി കേരളത്തെ പരിഗണിക്കാന്‍ ആലോചന. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീമുകളുടെ മത്സരങ്ങളായിരിക്കും കേരളത്തില്‍ നടത്തപ്പെടുക. ബി.സി.സി.ഐയും സൂപ്പര്‍ കിങ്‌സ് ടീം മാനേജ്‌മെന്റും കേരള ക്രിക്കറ്റ് അസോസിേയഷന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം മത്സരത്തിന് സജ്ജമാണെന്ന് കെ.സി.എ അറിയിച്ചിട്ടുണ്ട്.

കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. കാവേരി ജലതര്‍ക്കം പരിഷ്‌കരിക്കുന്നതുവരെ ഐ.പി.എല്‍ ബഹിഷ്‌കരിക്കണമെന്നാണ് ആഹ്വാനം. തമിഴ് ജനതയൊന്നാകെ മത്സരത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതേ നിലപാടിലാണ് ഭരണപ്രതിപക്ഷ പാര്‍ട്ടികളും. ഈ സാഹചര്യത്തിലാണ് മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്.

മത്സരം നടത്താന്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം സജ്ജമാണെന്ന് ബി.സി.സി.ഐയെ അറിയിച്ചതായി കെ.സി.എ പ്രസിഡന്റ് റോങ്ക്‌ലിന്‍ ജോണ്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സും ഇതേവിഷയവുമായി സമീപിച്ചിരുന്നു. അവരോടും ഇതേ മറുപടി തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ബി.സി.സി.ഐയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിലെ മത്സരക്രമം മാറ്റാതെ തന്നെ കേരളത്തില്‍ മത്സരം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍നിന്ന് ടീമില്ലാത്തതിനാല്‍ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ടായി ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തെ പരിഗണിച്ചേക്കുമെന്നാണ് സൂചന.

ചന്ദ്രിക വെബ് ഡെസ്‌ക്‌: