X

യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ബൈക്കില്‍ ഇരിക്കുന്ന നിലയില്‍; നടുക്കുന്ന പ്രളയക്കാഴ്ച്ച

മലപ്പുറം ജില്ലയിലെ കവളപ്പാറ ഇപ്പോള്‍ ദുരന്തഭൂമിയാണ്. ഒരു പ്രദേശത്തെ ഒന്നാകെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായും വെളിവായിട്ടില്ല. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുമുണ്ട്.

ഉരുള്‍പൊട്ടല്‍ തൂത്തെറിഞ്ഞ മേഖലയിലെ താമസിച്ചിരുന്ന താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തത് സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിലായിരുന്നു. ഒന്ന് പ്രതികരിക്കാന്‍ പോലും സാധിക്കാതെയാണ് പ്രിയദര്‍ശന്‍ മരണത്തിന് മുന്‍പില്‍ കീഴടങ്ങിയത്.
തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേക്ക് പോയതെന്ന് സുഹൃത്ത് പറയുന്നു. മുറ്റത്തെത്തിയപ്പോള്‍തന്നെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായും അദ്ദേഹം പറയുന്നു.

ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം വൈകുന്നേരം 7.45ഓടെ ബൈക്കില്‍ വീട്ടിലെത്തിയതായിരുന്നു പ്രിയദര്‍ശന്‍. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിടുന്നതിനിടയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ബൈക്കില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ് മണ്ണ് പ്രിയദര്‍ശനെയും വീടിനെയും മൂടിയിരുന്നു.

വീട്ടില്‍ പ്രിയദര്‍ശന്റെ അമ്മയും അമ്മയുടെ അമ്മയുമാണ് ഉണ്ടായിരുന്നത്. പ്രിയദര്‍ശന്റെ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇനി അമ്മമ്മയെ കണ്ടെത്താനുണ്ട്.

Test User: