മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ബാക്കിയുള്ളവരെ ഇനിയും കണ്ടെത്താനാവുമെന്ന പ്രതീക്ഷ മങ്ങുന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ തെരച്ചിലില്‍ ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം കാണാതായവരെ കണ്ടെത്തണമെന്ന ആവശ്യത്തില്‍ ബന്ധുക്കള്‍ ഉറച്ചു നില്‍ക്കുകയാണ്.
ഉരുള്‍പൊട്ടലില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹം ഇതിനകം തന്നെ കവളപ്പാറയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. അപകടവിവരം പുറത്തറിഞ്ഞ അന്നുമുതല്‍ തുടങ്ങിയ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരൊക്കെ മനുഷ്യസാധ്യമായ എല്ലാ രീതിയിലും തെരച്ചില്‍ നടത്തുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലും ഇതിനകം തന്നെ രണ്ട് തവണകളായി മണ്ണ് നീക്കി തെരഞ്ഞുകഴിഞ്ഞു.
പ്രദേശത്ത് നിന്ന് ചൊവ്വാഴ്ച്ചക്ക് ശേഷം ഒരാളെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച്ചതന്നെ മൃതദേഹം പല ഭാഗങ്ങളായാണ് കിട്ടിയത്. ഈ സാഹചര്യത്തില്‍ ഇനി മൃതദേഹം കണ്ടെടുക്കാനാവുമെന്ന വലിയ പ്രതീക്ഷ തെരച്ചില്‍ നടത്തുന്നവര്‍ക്കില്ല. പക്ഷെ കാണാതായവരുടെ ബന്ധുക്കള്‍ മൃതദേഹം വിശ്വാസപരമായി സംസ്‌ക്കരിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ്.ഇനി കണ്ടെത്താനുള്ള പതിനൊന്നുപേരില്‍ ഒമ്പതു പേര്‍ ആദിവാസികളാണ്.
മൃതദേഹം കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപെട്ട് കാണാതായവരുടെ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചു. ഒരു ഭാഗത്ത് തെരെച്ചില്‍ തുടരുമ്പോഴും കാണാതായവരുടെ ബന്ധുക്കളെ നിസ്സഹായവസ്ഥ പറഞ്ഞ് ബോധ്യപെടുത്താനുള്ള ശ്രമങ്ങള്‍ ജനപ്രതിനിധികള്‍ നടത്തുന്നുണ്ട്.