X

കവളപ്പാറയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോത്തുകല്ല് പള്ളി തുറന്ന് കൊടുത്ത് കമ്മിറ്റിക്കാര്‍

പോത്തുകല്ല്(നിലമ്പൂര്‍): കവളപ്പാറയില്‍ മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പോത്തുകല്ലിലെ പള്ളി തുറന്നുകൊടുത്ത് പള്ളികമ്മിറ്റിക്കാര്‍. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയിലേക്ക് ദൂരമൂള്ളതുകൊണ്ടാണ് പള്ളിയില്‍ സൗകര്യമൊരുക്കിയത്. ദുരന്തസ്ഥലത്ത് നിന്നും 45 കിലോമീറ്റര്‍ ദൂരത്താണ് നിലമ്പൂര്‍ താലൂക്ക് ആസ്പത്രി. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകുകയായിരുന്നു.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു ഏറ്റവും അടുത്ത ആശുപത്രി എങ്കിലും സൗകര്യം തീരെ കുറവായതിനാല്‍ ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ബുദ്ധിമുട്ടായിരുന്നു. സമീപത്തെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതിനാല്‍ ഇവിടേയും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സംഭവസ്ഥലത്ത് നിന്നും പത്ത് മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ അധികൃതര്‍ സമീപിച്ചത്. പൂര്‍ണസമ്മതം നല്‍കുന്നതിനൊപ്പം ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും പള്ളി ഭാരവാഹികള്‍ ചെയ്തുകൊടുത്തു.

വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ സ്ത്രീകള്‍ നിസ്‌കരിക്കുന്ന ഹാളാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള മുറിയായി സജ്ജീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാല് മൃതദേഹങ്ങളാണ് പള്ളിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കൊടുത്തത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പള്ളിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍ പറഞ്ഞു.

chandrika: