X

കവളപ്പാറ: പോസ്റ്റ്‌മോര്‍ട്ടത്തിന് പള്ളി വിട്ടുനല്‍കിയ കമ്മിറ്റിയെ വഖഫ് ബോര്‍ഡ് ആദരിച്ചു

എടക്കര: കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി പള്ളി വിട്ടുനല്‍കിയ പോത്തുകല്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘത്തിനെ വഖ്ഫ് ബോര്‍ഡ് ആദരിച്ചു.
പോത്തുകല്‍ ബസ്സ്റ്റാന്റില്‍ നടന്ന ചടങ്ങ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ് ലാമിനെ കുറിച്ച് തെറ്റിദ്ധാരണകള്‍ പരക്കുന്ന ഇക്കാലത്ത് ഇസ്‌ലാം എന്താണെന്ന് കാണിച്ചുകൊടുക്കാന്‍ മാതൃകാപ്രവര്‍ത്തനത്തിലൂടെ പള്ളി ഭാരവാഹികള്‍ക്ക് കഴിഞ്ഞെന്നും ജാതിമത ഭേദമന്യേ മൃതദേഹ പോസ്റ്റ്‌മോര്‍ട്ടത്തിന് പള്ളി വിട്ടുനല്‍കാനുള്ള നടപടി ഉദാത്ത മാതൃകയാണെന്നും റഷീദലി തങ്ങള്‍ അഭിപ്രായപ്പെട്ടു.
കവളപ്പാറയില്‍ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിച്ചു നിലമ്പൂരിലെ ജില്ലാ ആസ്പത്രിയിലത്തെിക്കേണ്ടതിന് പകരം പള്ളി കമ്മിറ്റിയുടെ തീരുമാന ശേഷം കൂടുതല്‍ എളുപ്പമാകുകയായിരുന്നു.
പള്ളി കമ്മിറ്റി സ്വീകരിച്ച മാനുഷിക പരിഗണനയിലുള്ള സന്ദര്‍ഭോജിതമായ ഈ തീരുമാനം ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ക്കിടയിലും പ്രത്യേക പ്രശംസക്കിടയാക്കിയിരുന്നു.
വഖഫ് ബോര്‍ഡിന്റെ പാരിതോഷികമായി ഒരു ലക്ഷം രൂപ റഷീദലി തങ്ങള്‍ പള്ളി കമ്മിറ്റിക്ക് കൈമാറി. വഖഫ് ബോര്‍ഡംഗം ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായിരുന്നു.
ഡോ. ധര്‍മാനന്ദ സ്വാമി, ഫാ. മാത്യൂസ് വട്ടിയാനിക്കല്‍, വഖ്ഫ് ബോര്‍ഡ് അംഗങ്ങളായ എം.സി. മായിന്‍ ഹാജി, അഡ്വ. പി.വി. സൈനുദ്ദീന്‍, അഡ്വ. എം. ഷറഫുദ്ദീന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എം. ജമാല്‍, മുന്‍ അംഗം ഡോ. ഹുസൈന്‍ മടവൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്‍, പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്‍പിള്ള, കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, ജലീല്‍ മമാാങ്കര, ടി.പി. അഷ്‌റഫലി, കെ.ടി. കുഞ്ഞാന്‍ പ്രസംഗിച്ചു.

web desk 1: