X

കവളപ്പാറയില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മലപ്പുറം: കവളപ്പാറയില്‍ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 16 പേരെ കൂടി കണ്ടെത്താനുണ്ട്. കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്.

അത്യാധുനിക ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഗ്രൗണ്ട് പെനിട്രേറ്റിങ്ങ് റഡാര്‍ സംവിധാനം കരിപ്പൂരില്‍ എത്തിച്ചത്. ദുരന്തമേഖലയിലെ ചതുപ്പ് നിറഞ്ഞ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല.

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. അപകടം നടന്നതിന്റെ ഒന്നര കിലോമീറ്റര്‍ അകലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയിടുക്കില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി ആറുപേരെ കൂടി പുത്തുമലയില്‍ കണ്ടെത്താനുണ്ട്. വൈകീട്ടോടെ തിരച്ചിലിനായി ഭൂഗര്‍ഭ റഡാര്‍ സംവിധാനം പുത്തുമലയിലും എത്തിച്ചേക്കും.

chandrika: